മനാമ– ശസ്ത്രക്രിയ രംഗത്ത് വലിയ നേട്ടവുമായി ബഹ്റൈൻ. ഹ്യൂഗോ ആർ.എ.എസ് (റോബോട്ട് അസിസ്റ്റഡ് സർജറി) സർജിക്കൽ റോബോട്ടുപയോഗിച്ച് 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ആദ്യ രാജ്യമെന്ന ബഹുമതിയാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്.
ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസ് (RMS) കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ അൽ ഖലീഫാ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
“റോബോട്ടിക് സർജറിയുടെ ഉപയോഗം ബഹ്‌റൈനിലെ ശസ്ത്രക്രിയ ചികിത്സയുടെ നിലവാരം വലിയ രീതിയിൽ ഉയർത്തിയിരിക്കുന്നു. രോഗികൾക്ക് കൂടുതൽ സുരക്ഷയും, വേദന കുറവുമായ ചികിത്സ നൽകാൻ ഇതിലൂടെ സാധിക്കുന്നു,” അദ്ദേഹം പറഞ്ഞു.
തൽസമയ നിരീക്ഷണ സംവിധാനങ്ങളുടെയും ഉയർന്ന സാങ്കേതിക വിദ്യകളുടെയും പിന്തുണയോടെ, ഹ്യൂഗോ ആർ.എ.എസ് റോബോട്ട് ഒരുപാട് ശ്രദ്ധയും പ്രശംസയും നേടുകയാണ്.
ഇത് ബഹ്‌റൈനിന്റെ ആരോഗ്യസംരക്ഷണ രംഗത്തെ ഉയർന്ന മാനദണ്ഡങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിനും തെളിവാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്