മനാമ: ബഹ്‌റൈനിൽ വാടകക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി യുവാവ്, കാറുടമയ്ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു. കണ്ണൂർ സ്വദേശിയായ യുവാവ് മദ്യപിച്ച് വാഹനമോടിച്ച് ഒരു ലക്ഷ്വറി കാറിൽ ഇടിച്ചാണ് അപകടമുണ്ടാക്കിയത്. ബഹ്‌റൈനിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്ന നിയമലംഘനമാണ്. ഇതനുസരിച്ച്, അപകടമുണ്ടാക്കിയ വ്യക്തിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നിയമം.
പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും, കുറച്ചുകാലത്തെ ജയിൽവാസത്തിന് ശേഷം അയാൾ ബഹ്‌റൈൻ വിട്ടതായാണ് വിവരം. സംഭവം നടന്ന് നാല് വർഷത്തിന് ശേഷം കേസിൽ വിധി വന്നപ്പോൾ, പൊലീസ് പ്രതിയെ അന്വേഷിച്ച് കാറുടമയുടെ അടുത്തെത്തി. കോടതി കാറുടമയുടെ കമ്പനി ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് കേസിന്റെ ഗൗരവവും താൻ കുരുക്കിലായതും ഉടമയ്ക്ക് ബോധ്യമായത്.
പ്രതി രാജ്യം വിട്ടതിനാൽ, മുഴുവൻ ഉത്തരവാദിത്തവും കാറുടമ ഏറ്റെടുക്കേണ്ടി വന്നു. മുഹറഖിൽ റെന്റ്-എ-കാർ ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിക്കാണ് ഈ സാമ്പത്തിക ബാധ്യത ഏറ്റുവാങ്ങേണ്ടി വന്നത്. ഇൻഷുറൻസ് കമ്പനിക്ക് നൽകാനുള്ള തുകയും കോടതി ഫീസും ചേർത്ത് 7,000 ബഹ്‌റൈൻ ദിനാർ (ഏകദേശം 15 ലക്ഷം രൂപ) ബാധ്യതയാണ് ഉടമയ്ക്ക് വന്നത്. തുക പൂർണമായും അടച്ചെങ്കിലും, പ്രതിയെ കണ്ടെത്താൻ കണ്ണൂരിലും സമീപ പ്രദേശങ്ങളിലും വ്യാപക അന്വേഷണം നടക്കുന്നുണ്ട്.
കാർ വാടകയ്ക്ക് നൽകുമ്പോൾ, പ്രതിയുടെ സി.പി.ആർ (സെൻട്രൽ പോപ്പുലേഷൻ രജിസ്റ്റർ) മാത്രമാണ് രേഖയായി ശേഖരിച്ചിരുന്നത്. ഇത് മാത്രമാണ് പ്രതിയെ കണ്ടെത്താനുള്ള ഏക മാർഗവും.