ന്യൂഡല്‍ഹി- ഇന്ത്യയും ബഹ്‌റൈനുമായി സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) വൈകാതെ നിലവില്‍ വരാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇതു സംബന്ധിച്ച കുടിയാലോചനകള്‍ നടത്തുകയുണ്ടായി. 2025 നവംബര്‍ മൂന്നിനാണ് ഇരു രാഷ്ട്രങ്ങളിലേയും ഉന്നത തല കൂടിയാലോചനകള്‍ നടന്നത്. ബഹ്‌റൈനു പുറമെ ന്യൂസിലാന്‍ഡുമായും നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളുടെ നാലാം റൗണ്ട് നവംബര്‍ 3 മുതല്‍ 7 വരെ ഓക്ക്ലന്‍ഡിലും റൊട്ടോറുവയിലുമായിരുന്നു നടന്നത്.
ബഹ്‌റൈന്‍ ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഫിന്‍ടെക്, ബഹിരാകാശം, സംസ്‌കാരം എന്നിവയില്‍ ഉഭയകക്ഷി സഹകരണം വര്‍ധപ്പിക്കുന്നതിനുള്ള വഴികള്‍ ഇരുപക്ഷവും പരിശോധിച്ചു. ഇലക്ട്രോണിക്‌സ്, പെട്രോളിയം, സംസ്‌കരിച്ച ഭക്ഷണം, ലോഹങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയില്‍ വ്യാപാരം കൂട്ടാനുള്ള ഇരു രാജ്യങ്ങളുടെയും പദ്ധതികളും ആലോചനയിലുണ്ടായി.
ബഹ്‌റൈനുമായി എഫ്ടിഎ നിലവില്‍ വരുന്നതോടെ ഗള്‍ഫിലെ പ്രത്യേകിച്ച് ബഹ്‌റൈനിലേയും ഇന്ത്യയിലേയും വ്യാപാര നീക്കം വര്‍ധിക്കാന്‍ ഇത് കാരണമാവും. മാത്രമല്ല നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുകയും വിതരണ ശൃംഖല വിപുലീകരിക്കപ്പെടുകയും ചെയ്യും. മെച്ചപ്പെട്ട പുതിയ വിപണി സാധ്യതകളും സ്ഥിരതയുള്ള ബിസിനസ്സുകള്‍ക്കും ഇരു രാജ്യങ്ങള്‍ക്കും ഇത് സഹായകരമാവുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
അതിനിടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ശനിയാഴ്ച ഓസ്ട്രേലിയന്‍ മന്ത്രി ഡോണ്‍ ഫാരലുമായി കൂടിക്കാഴ്ച നടത്തി. സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ അന്തിമമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാറിന്റെ ആദ്യ ഘട്ടം 2022 ഡിസംബറിലാണ് പ്രാബല്യത്തില്‍ വന്നത്. ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും പുറമേ, ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാര കരാര്‍ കൂടി വരുന്നതോടെ വാണിജ്യ വ്യവസായ മേഖലയിലും സാമ്പത്തിക രംഗത്തും ഏറെ മുന്നോട്ടുപോകാനാവുമെന്നാണ് ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധരുടെ വിലയിരുത്തല്‍.



