മനാമ– 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്വന്തമായി അക്കൗണ്ടുകൾ തുടങ്ങുന്നത് നിയമം വഴി പൂർണ്ണമായും നിരോധിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്ന ശിശുനിയമ ഭേദഗതികൾ ഞായറാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും. സൈബർ ഇടങ്ങളിൽ കുട്ടികൾ നേരിടുന്ന ഭീഷണികൾ തടയുന്നതിനായി അവതരിപ്പിക്കപ്പെട്ട ഈ കരട് നിയമം രാജ്യത്തെ സൈബർ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് കണക്ക്കൂട്ടൽ. 15 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഡിജിറ്റൽ ലോകത്ത് കർശനമായ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്താനും നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്. നിശ്ചിത സുരക്ഷാ മുൻകരുതലുകൾക്കും മേൽനോട്ടത്തിനും വിധേയമായി മാത്രമേ ഈ പ്രായപരിധിയിലുള്ളവർക്ക് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകൂ. സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
ശൂറ കൗൺസിൽ സെക്കൻഡ് വൈസ് ചെയർപേഴ്‌സൺ ഡോ. ജിഹാദ് അൽ ഫാദിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ നിർണായക നിയമഭേദഗതി കൗൺസിലിന് മുന്നിൽ സമർപ്പിച്ചത്. ശൂറ കൗൺസിലിലെ വനിതാ-ശിശുക്ഷേമ സമിതി ഈ ഭേദഗതികൾ വിശദമായി പരിശോധിക്കുകയും നിയമനിർമ്മാണത്തിന് അനുകൂലമായ ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നത് തടയാനും അവരെ വഴിതെറ്റിക്കുന്ന ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കാനും പുതിയ നിയമം അനിവാര്യമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ഞായറാഴ്ച നടക്കുന്ന ശൂറ കൗൺസിൽ യോഗത്തിൽ നിയമം ചർച്ച ചെയ്യപ്പെടുന്നതോടെ സൈബർ ലോകത്തെ കുട്ടികളുടെ ഇടപെടലുകളെ സംബന്ധിച്ചുള്ള പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കുട്ടികളുടെ സുരക്ഷയെ ബാധിക്കാത്ത രീതിയിൽ ക്രമീകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.



