പ്രധാനമന്ത്രിയുടെ നിർദേശത്തോടെ നിയമ പരിഷ്കരണം
മനാമ: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ബഹ്റൈൻ. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും അപകടങ്ങൾ വരുത്തുന്നവർക്കുമെതിരെ കടുത്ത ശിക്ഷകൾ ഏർപ്പെടുത്താൻ നീക്കം. ഗുരുതരമായ പരുക്കുകളോ മരണങ്ങളോ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഉത്തരവാദികളായവർക്കുള്ള ശിക്ഷകൾ ശക്തമാക്കണമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. ഇതിനായി നിയമനിർമാണത്തിലൂടെ ആവശ്യമായ പരിഷ്കരണങ്ങൾ നടപ്പാക്കാനാണ് നിർദേശമെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ തുടർച്ചയായ പദ്ധതികളുടെ ഭാഗമാണ് ഈ നിർദേശം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശക്തമായ പിഴകൾ ഉൾപ്പെടുത്തി നിലവിലെ ഗതാഗത സുരക്ഷാ നിയമങ്ങൾ പുതുക്കും. എല്ലാ റോഡ് ഉപയോക്താക്കളും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കാൻ ബാധ്യസ്ഥരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.