മനാമ– അമേരിക്ക യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈനില്‍ നടന്ന ആഗോള സംരംഭകത്വ വാരത്തില്‍ വ്യവസായ വാണിജ്യ മന്ത്രാലയം ദേശീയ ഇന്നൊവേഷൻ തന്ത്രം (2025 – 2035) ആരംഭിച്ചു. ബഹ്‌റൈനിനെ നവീകരണത്തിനുള്ള ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമാക്കി മാറ്റുന്നതിനും മികച്ച സമ്പത്ത് വ്യവസ്ഥ കൈവരിക്കനുമാണ് ഈ തന്ത്രം ലക്ഷ്യമിടുന്നു. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം, സുസ്ഥിര വികസന മന്ത്രാലയം, വിവര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം,യുവജനകാര്യ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, സാമ്പത്തിക വികസന ബോര്‍ഡ്, തംകീൻ, ബഹ്‌റൈൻ സര്‍വകലാശാല, ഇ-ഗവണ്‍മെന്റ് അതോറിറ്റി എന്നിവയുള്‍പ്പെടെ പൊതു, സ്വകാര്യ, അക്കാദമിക് മേഖലകളില്‍ നിന്നുള്ള പ്രധാന ദേശീയ പങ്കാളികള്‍ക്കൊപ്പം വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേല്‍ ഫക്രുവിന്റെ സാന്നിധ്യത്തിലാണ് ലോഞ്ച് നടന്നത്.
വൈവിധ്യപൂര്‍ണ്ണവും സുസ്ഥിരവുമായ ഒരു സമ്പത്ത് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫയുടെ ലക്ഷ്യത്തിന് നവീകരണം, ഉല്‍പ്പാദനക്ഷമത, വാഗ്ദാന മേഖലകളുടെ വികസനം എന്നിവയെ പിന്തുണയ്ക്കുക എന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായാണ് ഈ തന്ത്രം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗവണ്‍മെന്റ്, സ്വകാര്യ മേഖല, അക്കാദമിക് മേഖല എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, വിദ്യാഭ്യാസം, വ്യവസായം, ശാസ്ത്ര ഗവേഷണം, സംരംഭകത്വം എന്നിവയില്‍ നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും, പ്രാദേശികമായും ആഗോളമായും ബഹ്റൈന്റെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു ദേശീയ റോഡ് മാപ്പായി ഈ തന്ത്രം പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ മുൻഗണനകള്‍ തിരിച്ചറിയുന്നതിലൂടെ ഗവേഷണ വികസന (ആര്‍ & ഡി) ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുക, നയങ്ങള്‍ മെച്ചപ്പെടുത്തുക, ഗവേഷണ പരിപാടികളെ പിന്തുണയ്ക്കുക, സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, ദേശീയ ഗവേഷണ വികസന അവാര്‍ഡ് ആരംഭിക്കുക എന്നീ നാല് പ്രധാന സ്തംഭങ്ങളിലാണ് തന്ത്രം നിര്‍വച്ചിരിക്കുന്നതെന്ന് മന്ത്രി ഫഖ്റോ പറഞ്ഞു.
സ്റ്റെം വിഷയങ്ങളെ പാഠ്യപദ്ധതിയില്‍ സംയോജിപ്പിച്ച് ഭാവി സാങ്കേതിക മേഖലകളില്‍ വിപുലമായ പരിശീലനം നല്‍കുന്നതിലൂടെ വിദ്യാഭ്യാസവും കഴിവുറ്റ വികസനവും വര്‍ധിപ്പിക്കുക, ഐപി നിയമങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് ബൗദ്ധിക സ്വത്ത് ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര പേറ്റന്റ് ഓഫീസുകളുമായുള്ള സഹകരണം വികസിപ്പിക്കുക, രജിസ്‌ട്രേഷൻ മെച്ചപ്പെടുത്തുക, സര്‍വകലാശാല വരുമാനത്തിന്റെ ഒരു ഭാഗം ശാസ്ത്ര ഗവേഷണത്തെ പിന്തുണക്കുന്നതിനായി അനുവദിക്കുക, അവസാനമായി, ഒരു ഡിജിറ്റല്‍ ആവാസവ്യവസ്ഥ വികസിപ്പിച്ചുകൊണ്ട് നവീകരണവും ഡാറ്റയും പ്രോത്സാഹിപ്പിക്കുക, ഗവേഷണ വികസനവും നവീകരണവും അളക്കുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, സ്ഥാപനങ്ങള്‍ ഈ മേഖലയിലെ അവരുടെ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുക എന്നിവയാണ് ലക്ഷ്യം.
2027 ഓടെ ദേശീയ പേറ്റന്റ് രജിസ്‌ട്രേഷനുകള്‍ ഇരട്ടിയാക്കുക, 2030 ഓടെ വ്യാവസായിക രൂപകല്‍പ്പന, വ്യാപാരമുദ്ര രജിസ്‌ട്രേഷനുകള്‍ വര്‍ധിപ്പിക്കുക, നൂതനാശയ മേഖലകളില്‍ 6,000- ത്തിലധികം ബഹ്റൈനികള്‍ക്ക് പരിശീലനം നല്‍കുക, 2035 ഓടെ ഗവേഷണ വികസന നിക്ഷേപം ജിഡിപിയെ ഉയര്‍ത്തുക, ആഗോള നവീകരണ സൂചികയിലെ മികച്ച 50 രാജ്യങ്ങളില്‍ സ്ഥാനം പിടിക്കുക എന്നിവ ഉള്‍പ്പെടെയുള്ള വ്യക്തമായ പ്രകടന സൂചകങ്ങള്‍ ഈ തന്ത്രം സജ്ജമാക്കുന്നു. നടപ്പാക്കലിന് മേല്‍നോട്ടം വഹിക്കുന്നതിനും പുരോഗതി നിരീക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍, അക്കാദമിക്, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ദേശീയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ജനങ്ങള്‍, സര്‍ഗ്ഗാത്മകത, അറിവ് എന്നിവയില്‍ അധിഷ്ഠിതമായ കൂടുതല്‍ സമ്പന്നമായ ഭാവിയിലേക്കുള്ള ഒരു ഗുണപരമായ ചുവടുവെപ്പാണ് ദേശീയ ഇന്നൊവേഷൻ തന്ത്രം പ്രതിനിധീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.



