മനാമ- ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി (എഎസ്ജി) സേവനമനുഷ്ഠിച്ച മുതിര്‍ന്ന അഭിഭാഷക പിങ്കി ആനന്ദിനെ പുതുതായി രൂപീകരിച്ച ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ കോടതിയുടെ (ബിഐസിസി) ജഡ്ജിയായി നിയമിച്ചു. നാല് പതിറ്റാണ്ടിലേറെ നിയമ മേഖലയില്‍ പരിചയസമ്പന്നനായ ആനന്ദിനെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുറപ്പെടുവിച്ച രാജകീയ ഉത്തരവിലൂടേയാണ് ബിഐസിസിയിലേക്ക് ഔദ്യോഗികമായി നിയമിച്ചതെന്ന് വിവിധ വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
2014 മുതല്‍ 2020 വരെ ഇന്ത്യയുടെ എഎസ്ജി പദവി വഹിച്ച പിങ്കി വിവിധ അന്താരാഷ്ട്രാ കേസുകളില്‍ ഇടപെട്ട പരിചയസമ്പത്തിനുടമയാണ്. അതേസമയം പുതിയ ദൗത്യത്തിന് സ്ഥലം മാറ്റം ആവശ്യമില്ലെന്നും ഇന്ത്യയിലിരുന്ന് തന്നെ സേവനം ചെയ്യുമെന്നും അവര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവുമായി സംസാരിക്കവെ വ്യക്തമാക്കി. ബഹ്റൈനും ഇന്ത്യയും ലോകവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണിത്. ഇന്ത്യക്ക് പുറമെ ദുബൈ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ കേസുകളില്‍ മധ്യസ്ഥത വഹിച്ച വിപുലമായ അനുഭവ സമ്പത്ത് ബിഐസിസിയിലെ പുതിയ ദൗത്യത്തിന് സഹാകരമാവുമെന്ന് പിങ്കി വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച തര്‍ക്ക പരിഹാരം സംവിധാനവും സജ്ജീകരണവും ബിഐസിസിക്കുണ്ട്.
വിവിധ വിദേശ, ഇന്ത്യന്‍ അധികാരപരിധികളുമായുള്ള അനുഭവം വാണിജ്യ പരിഹാരം എളുപ്പത്തിലാ്ക്കാന്‍ പ്രചോദനം നല്‍കും. ഇംഗ്ലീഷിലും അറബിയിലും വാണിജ്യ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരില്ല. കാരണം ബിഐസിസിയുടെ അപ്പീലേറ്റ് സംവിധാനം ഭാഷാപരമായ സങ്കീര്‍ണ്ണതയെക്കൂടി മറികടക്കുന്നതാണെന്നും അവര്‍ എടുത്തുപറഞ്ഞു. ബ്രിക്‌സ് നിയമ ഫോറത്തിന്റെ സ്ഥാപക അംഗവും വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായും അഡ്വ.പിങ്കി ആനന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.



