മനാമ– യൂത്ത് സിറ്റി 2030ന്റെ 14ാം പതിപ്പ് എക്‌സിബിഷന്‍ പ്രഖ്യാപിച്ച് ബഹ്റൈൻ യുവജനകാര്യ മന്ത്രാലയം. ഗുണനിലവാരമുള്ള പരിശീലനത്തിലൂടെ യുവാക്കള്‍ക്ക് കഴിവുകള്‍ വികസിപ്പിക്കാനും തൊഴില്‍ രംഗത്തേക്ക് തയാറാകാനും, ആത്മവിശ്വാസത്തോടെ ഭാവിയെ രൂപപ്പെടുത്താനാണ് പദ്ധതി ലക്ഷ്യംവെക്കുന്നതെന്ന് യുവജനകാര്യ മന്ത്രി റാവാന്‍ ബിന്‍ത് മജീദ് പറഞ്ഞു. ജൂലൈ 13നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. ദേശീയ വികസനത്തിനായുള്ള യുവാക്കളുടെ പങ്ക് തിരിച്ചറിഞ്ഞ് അവരെ പിന്തുണക്കുന്ന പദ്ധതിയായ യൂത്ത് സിറ്റി 2030 ബഹ്‌റൈനിന്റെ പ്രതിബദ്ധതയാണെന്ന് പ്രതിഫലിപ്പിക്കുന്നതെന്ന് യുവജനകാര്യ മന്ത്രി റാവാന്‍ പറഞ്ഞതായി ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ പതിപ്പുകളുടെ അവലോകനത്തെ അടിസ്ഥാനമാക്കി ഈ വര്‍ഷം പരിശീലന അവസരങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശാസ്ത്ര സാങ്കേതിക വിദ്യ, കല-സംസ്‌കാരം, നേതൃത്വവും സംരംഭകത്വവും, മാധ്യമവും വിനോദവും, കായികവും ആരോഗ്യവും എന്നീ പ്രധാന അഞ്ച് മേഖലകളിലായി 195 പ്രത്യേക പരിശീലന പരിപാടികളാണ് ഈ വര്‍ഷത്തെ പതിപ്പ് സംഘടിപ്പിക്കുക. 5500 പരിശീലന അവസരങ്ങളും നല്‍കുന്ന ഈ പദ്ധതിയില്‍ സന്ദര്‍ശകര്‍ക്കും പങ്കാളികള്‍ക്കും അവരുടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പങ്കുവെക്കാന്‍ ഒരുക്കിയ പ്രത്യേക ഭാഗത്ത് യുവാക്കളുടെ നേതൃത്വത്തിലുള്ള 84 പ്രൊജക്ടുകളും പ്രദര്‍ശിപ്പിക്കും. പരിശീലനത്തില്‍ 70 ശതമാനത്തോളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പെടുത്തിയുള്ള പ്രധാന ചുവടുവെപ്പും ഈ പതിപ്പില്‍ നടത്തുമെന്ന് യുവജനകാര്യ മന്ത്രി അറിയിച്ചു. ടാലന്റ് കമ്മിറ്റിയുടെ കീഴില്‍ പങ്കാളികളില്‍ നിന്ന് വാഗ്ദാന കഴിവുകളുള്ളവരെ കണ്ടെത്തും. സ്‌കില്‍സ് ബഹ്‌റൈനുമായി സഹകരിച്ച് വിപണി സാധ്യത മനസിലാക്കിയുള്ള തൊഴില്‍ പരിശീലനം രൂപകല്‍പന ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ രൂപികരിച്ചതായും മന്ത്രാലയം അറിയിച്ചു.