മനാമ– രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്ന സ്ഥലങ്ങളുടെ ആഗോള പട്ടികയിൽ ബഹ്റൈൻ മുൻനിരയിൽ. 144 രാജ്യങ്ങളെ ഉൾപ്പെടുത്തി ഗാലപ്പ് പുറത്തിറക്കിയ സുരക്ഷാ റിപ്പോർട്ടിൽ ബഹ്റൈൻ ഒൻപതാം സ്ഥാനം കരസ്ഥമാക്കി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ വളരെ മുന്നിലാണ്. ബഹ്റൈനിനൊപ്പം സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യു.എ.ഇ എന്നിവയും ആദ്യ പത്തിൽ ഇടംപിടിച്ചു.
സുരക്ഷാ സൂചികയിൽ 94% സ്കോറോടെ ഒമാൻ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതെത്തി. 93% സ്കോറോടെ സൗദി അറേബ്യ രണ്ടാമതും, 91% സ്കോറോടെ കുവൈത്ത് മൂന്നാമതും, 90% സ്കോറോടെ ബഹ്റൈനും യു.എ.ഇയും നാലാമതുമാണ്. ആഗോള തലത്തിൽ 98% സ്കോറോടെ സിംഗപ്പൂർ ഒന്നാം സ്ഥാനം നേടി. ക്രമസമാധാന നിലവാരം, പൊലീസ് സംവിധാനത്തിലുള്ള വിശ്വാസം, മോഷണം, ആക്രമണം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഗാലപ്പ് റിപ്പോർട്ട് തയാറാക്കിയത്.
നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം, ഉയർന്ന സുരക്ഷാ ബോധം, കാര്യക്ഷമമായ സംവിധാനങ്ങൾ, കുറഞ്ഞ കുറ്റകൃത്യ നിരക്ക് എന്നിവയാണ് ഗൾഫ് രാജ്യങ്ങളുടെ ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.