മനാമ– കസ്റ്റംസ് തീരുവ നൽകാതെ ചില അസംസ്കൃത വസ്തുക്കളും സാധനങ്ങളും ഇറക്കുമതി ചെയ്യാൻ ഫാക്ടറികൾക്ക് അനുമതി നൽകുന്ന പുതിയ നിയമം പ്രഖ്യാപിച്ച് ബഹ്‌റൈൻ. ഈ ഇളവ് ലഭിക്കാൻ നാല് തരത്തിലുള്ള വ്യവസ്ഥകളാണുള്ളത്.
ഇറക്കുമതി ചെയ്യാൻ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ 10 ശതമാനത്തിൽ കൂടുതൽ ചിലവ് വരികയാണ് എങ്കിൽ തീരുവ ഇല്ലാതെ ഫാക്ടറികൾക്ക് ഇറക്കുമതി ചെയ്യാവുന്നതാണ്. ഇതുകൂടാതെ, ആവശ്യമായ സാധനങ്ങൾ ബഹ്‌റൈനിൽ ഉൽപ്പാദിപ്പിക്കുന്നില്ലെങ്കിലോ, ശരിയായ നിലവാരത്തിൽ ലഭ്യമല്ലെങ്കിലോ അല്ലെങ്കിൽ പ്രാദേശികമായി യഥാസമയം ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിലോ തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാം. ഉൽപ്പാദനച്ചെലവ് കുറയ്ക്കുക, സ്ഥിരതയുള്ള വിതരണ ശൃംഖല ഉറപ്പാക്കുക, പ്രാദേശിക നിർമ്മാതാക്കളുടെ മത്സരശേഷി വർധിപ്പിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം.
സ്വയംപര്യാപ്തതയും സുസ്ഥിര വികസനവും വർധിപ്പിക്കുക എന്ന ബഹ്‌റൈന്റെ സാമ്പത്തിക കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന തരത്തിൽ ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉള്ളടക്കം വികസിപ്പിക്കുക, ഉൽപ്പാദന വളർച്ചയെ പിന്തുണയ്ക്കുക എന്നിവയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റോ പറഞ്ഞു.
ഫാക്ടറികളിൽ ഉൽപ്പാദനം വികസിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കയറ്റുമതി വിപണികളിൽ ബഹ്‌റൈൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ സാന്നിധ്യം നിലനിർത്തുക എന്നീ നേട്ടങ്ങൾ കൈവരിക്കാൻ പുതിയ നിയമങ്ങൾ ബഹ്‌റൈനിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ.