മനാമ– ബഹ്‌റൈൻ ഗവൺമെന്റ് ആശുപത്രികളുടെ ഘടകമായ ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിൽ (എച്ച.ബി.ഡി.സി) ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാകും.
കോവിഡ് സമയത്ത് ആരംഭിച്ച ഈ കേന്ദ്രം ഇപ്പോൾ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനും രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിനും അധിക സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായും സർക്കാർ ആശുപത്രി ഡയറക്ടറേറ്റ് അറിയിച്ചു.
ഡയബറ്റീസ്, എൻഡോക്രൈൻ സംബന്ധമായ രോഗങ്ങൾക്കുള്ള അടിയന്തര ചികിത്സയ്ക്കൊപ്പം, പ്രതിദിന ചികിത്സ, മരുന്ന് വിതരണം, ടെസ്റ്റ് സേവനങ്ങൾ എന്നിവയും ഇനി നിലനിൽക്കും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി അടിയന്തര പ്രതികരണ സമയം മെച്ചപ്പെടുത്തുകയും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയും ചെയ്യുമെന്നും സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ പരിചരണം ഉറപ്പാക്കുമെന്നും ഗവൺമെന്റ് ഹോസ്പിറ്റൽസിന്റെ സിഇഒ ഡോ. മറിയം അത്ബി അൽ ജലഹ്മ എടുത്തുപറയുകയുണ്ടായി.
24 മണിക്കൂർ സേവനം ആരംഭിക്കുന്നതോടെ രാജ്യത്തെ ആരോഗ്യ സേവന രംഗത്ത് വലിയ മുന്നേറ്റം സാധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എച്ച.ബി.ഡി.സി-യിലേക്കുള്ള സേവനങ്ങൾക്ക് നേരിട്ട് എത്താവുന്നതും ,പുറമെ മുൻകൂട്ടി സമയം നിശ്ചയിക്കാവുന്നതുമാണ്.