മനാമ– ഹരിതപാതയിലൂടെ ബഹ്റൈൻ. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് അഥവാ എൻഐഎഡിയുടെ ദേശീയ വനവൽക്കരണ കാമ്പയിനിന്റെ നാലാം ഘട്ടമായ ഫോറെവർ ഗ്രീൻ പൂർത്തിയായി. രാജ്യത്തെ വിവിധങ്ങളായ 24 പ്രദേശങ്ങളിലായി 6,589 മരങ്ങൾ ആണ് നട്ടുപിടിപ്പിച്ചത്. കാമ്പയിനിന്റെ ഭാഗമായി 4,793 മീറ്റർ നീളത്തിൽ 11,757 ചതുരശ്ര മീറ്ററിലാണ് വനവത്ക്കരണം സാധ്യമാക്കിയത്.
ദേശീയ സ്ഥാപനങ്ങളും രാജ്യത്തെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ചേർന്ന് 109,911 ബഹ്റൈൻ ദിനാർ സംഭാവന ചെയ്താണ് കാമ്പയിനിനെ വിജയത്തിലേക്ക് നയിച്ചത്. ബഹ്റൈനിലെ മുനിസിപ്പാലിറ്റിക്കും കൃഷി മന്ത്രാലയത്തിന് കീഴിലുമുള്ള 15 സ്ഥലങ്ങളിലായും, മറ്റ് ഔദ്യോഗിക സ്ഥാപനങ്ങൾക്ക് കീഴിൽ 9 സ്ഥലങ്ങളിലുമായാണ് വനവത്കരണ പദ്ധതി ആവിഷ്കരിച്ചത്.
രാജ്യത്തെ കാലാവസ്ഥ, സർക്കാറിന്റെ സുസ്ഥിരതാ പദ്ധതി, പ്രകൃതി വിഭവ സംരക്ഷണ ലക്ഷ്യങ്ങൾ എന്നിവ കണക്കിലെടുത്താണ് വനവത്കരണത്തിനായുള്ള മരങ്ങളെ തിരഞ്ഞെടുത്തത്. അറേബ്യൻ അക്കേഷ്യ, കാസുവാരിന, അക്കേഷ്യ, ഹൈബിസ്കസ് ടിലിയേസിയസ്, പോയിൻസിയാന, കണ്ടൽ, വേപ്പ് മരങ്ങൾ എന്നിവയുൾപ്പെടെ പ്രാദേശിക കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ആവാസവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നതുമായ ചെടികളിലും മരങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ മരങ്ങൾ മരുഭൂമി വത്കരണത്തെ തടയുകയും, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും, ജൈവവിധ്യം വർദ്ധിപ്പിക്കുന്നതിലും, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യഘാതങ്ങൾ ലഘുകരിക്കുന്നതിലും ഈ സസ്യങ്ങൾ പ്രധാന പങ്ക് വഹിക്കും എന്നാണ് മന്ത്രാലയം അറിയിച്ചത്.
പ്രകൃതിയെ സംരക്ഷിക്കുക മാത്രമല്ല വനവത്ക്കരണത്തിന്റെ ലക്ഷ്യം എന്നും, മറിച്ച് ദേശീയ സമ്പത്ത്ഘടനയെ പിന്തുണക്കുകയും ചെയ്യും എന്ന് എൻഐഎഡി ജനറൽ സെക്രട്ടറി ശൈഖ മാറാം ബിൻത് ഈസ അൽ ഖലീഫ അറിയിച്ചു. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും സംഭാവന ചെയ്ത എട്ട് ബഹ്റൈനി കരാറുകാർക്ക് ഇതുവഴി പ്രയോജനം ലഭിക്കുമെന്നും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
മരങ്ങൾ നട്ടുപിടിപ്പിക്കുകയും അത് നിലനിർത്തുകയും ചെയ്യുന്നതിലൂടെ, ഫോറെവർ ഗ്രീനിന്റെ ഭാഗമായി നടത്തിയ വനവത്കരണം ഒരു സുസ്ഥിരമായ പദ്ധതിയാണെന്നും ശൈഖ മാറാം ബിൻത് ഈസ കൂട്ടിചേർത്തു. കെഎഎഫ് ഹ്യുമാനിറ്റിയുമായി സഹകരിച്ച് സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മ എല്ലാ ഗവർണറേറ്റിലും രൂപീകരിക്കുകയും അതിനുപുറമേ, മരങ്ങളെ സംരക്ഷിക്കുകയും മരങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുകയും, റിപ്പോർട്ടുകൾ തയ്യാറാക്കി നൽകുകയും ചെയ്യുന്നത് വഴി പാരിസ്ഥിതിക നേട്ടങ്ങൾക്ക് സുസ്ഥിരത കൈവരാനും സാധിക്കും എന്ന് മന്ത്രാലയം അറിയിച്ചു.
ഒക്ടോബറിൽ നടക്കുന്ന കാമ്പയിനിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുമ്പോൾ, ബഹ്‌റൈനിൻറെ ഹരിത വ്യാപനത്തിനായുള്ള ലക്ഷ്യങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കുന്ന പുതിയ ഗുണപരമായ പദ്ധതികൾ ഉൾപ്പെടുമെന്ന് ശൈഖ മാറാം ബിൻത് ഈസ പറഞ്ഞു.