മനാമ– കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ വിൽപ്പന നടത്തിയ കമ്പനിക്കെതിരെ നടപടിയെടുത്ത് ബഹ്റൈൻ അധികൃതർ. കാലാവധി കഴിഞ്ഞ സാധനങ്ങളുടെ തീയ്യതികൾ മാറ്റുകയും, കൃത്രിമമായി പുതിയ തീയ്യതികൾ ചേർക്കുകയുമായിരുന്നു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടുകയും 1 ലക്ഷം ബഹ്റൈൻ ദിനാർ (ഏകദേശം 2.33 കോടി രൂപ) പിഴ ചുമത്തുകയും ചെയ്തു. രണ്ടാം ക്രിമിനൽ കോടതിയുടേതായിരുന്നു വിധി. തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും, കേടായ സാധനങ്ങളുമെല്ലാം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു..
കേസിന്റെ വിശദാംശങ്ങൾ
നോർത്തേൺ ഗവർണറേറ്റ് പൊലീസിന് ഉദ്യോഗസ്ഥർ ഒരു ഗോഡൗണിൽ കാലഹരണപ്പെട്ട ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചതായി വ്യവസായ-വാണിജ്യ മന്ത്രാലയത്തിൽ നിന്ന് പരാതി ലഭിച്ചതോടെ കേസ് ആരംഭിച്ചു. അന്വേഷകർ പേസ്ട്രി ഉത്പാദനത്തിനുള്ള സാമഗ്രികളിൽ കാലഹരണ തീയതികൾ മാറ്റിസ്ഥാപിച്ചതായി കണ്ടെത്തി. പഴയ ലേബലുകൾ നീക്കം ചെയ്ത് പകരം പുതിയവ വെച്ചതായും, സ്ഥലത്ത് കാലഹരണപ്പെട്ട സാധനങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. മന്ത്രാലയം ഉടൻ ഗോഡൗൺ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂഷൻ സംഘം ഗോഡൗൺ പരിശോധിച്ച് സംശയിക്കപ്പെടുന്ന 23 ആളുകളെയും, സാക്ഷികളെയും ചോദ്യം ചെയ്തു, ഭക്ഷ്യ സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കാലഹരണപ്പെട്ട സാധനങ്ങളും വ്യാജ ലേബലുകളും കണ്ടെത്തി. തുടർന്ന് സാമ്പിളുകൾ ഫോർജറി വിഭാഗത്തിന് കൈമാറിയപ്പോൾ, കാലഹരണ തീയതികൾ മാറ്റിസ്ഥാപിച്ചതായി സ്ഥിരീകരിച്ചു.