മനാമ– ബഹ്റൈനിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ എല്ലാ വർഷവും കുറഞ്ഞത് 2.5 ശതമാനം വർധന നിർബന്ധമാക്കണമെന്ന ആവശ്യവുമായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു. ബഹ്റൈൻ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സ്വകാര്യമേഖലയിലെ തൊഴിലുകളെ കൂടുതൽ ആകർഷകമാക്കുക എന്നതാണ് ഈ ബില്ലിന്റെ പ്രധാന ഉദ്ദേശമെന്ന് എം.പി. ജലാൽ കാദം വ്യക്തമാക്കി.
2012ലെ ‘ലേബർ ലോ ഇൻ ദി പ്രൈവറ്റ് സെക്ടർ’ (നിയമം 36) എന്ന നിയമത്തിൽ ആർട്ടിക്കിൾ 37 ബീസ് (1) എന്ന പുതിയ ഭേദഗതി കൂട്ടിച്ചേർത്താണ് ഈ നിർദേശം. ഒരേ സ്ഥാപനത്തിൽ തുടർച്ചയായി രണ്ട് വർഷം ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് ഈ ശമ്പള വർധന ലഭിക്കുക. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം അടുത്ത ദിവസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
ഈ വർധന അടിസ്ഥാന ശമ്പളത്തിന് മാത്രമാണ് ബാധകമാകുക. ദിവസ വേതനക്കാർ, പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കുന്നവർ, ആറ് മാസത്തിൽ താഴെ കാലയളവിലേക്ക് താൽക്കാലിക ജോലിക്കാർ, പാർട്ട്-ടൈം തൊഴിലാളികൾ എന്നിവർക്ക് ഈ നിയമം ബാധകമല്ല.
വർഷങ്ങളായി സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാതെ മരവിപ്പിച്ചിരിക്കുകയാണെന്നും ഇത് അവരുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും എം.പി. ജലാൽ കാദം ചൂണ്ടിക്കാട്ടി. ഈ ബിൽ നടപ്പാകുന്നതിലൂടെ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും, ജീവിതച്ചെലവ് വർധനയുടെ പശ്ചാത്തലത്തിൽ അവർക്ക് ആശ്വാസം നൽകാനും സാധിക്കുമെന്നാണ് പ്രതീക്ഷ.