മനാമ– പൊതു ഇടങ്ങളിൽ പുകവലിക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന നിർദേശവുമായി കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലെഹ് തറാദ. പബ്ലിക് പാർക്ക്, നടപ്പാതകൾ ഗാർഡനുകൾ തീരദേശ പ്രദേശം തുടങ്ങിയ ഇടങ്ങളിലായിരിക്കും പുകവലിക്ക് നിയന്ത്രണം ഏർപ്പെടുത്തുക. പുകവലിക്കുന്നവർ വഴി ചുറ്റുമുള്ളവർക്ക് ഉണ്ടായേക്കാവുന്ന പ്രയാസം ഒഴിവാക്കാനും, അതുവഴി രാജ്യത്തെ പൗരന്മാരുടെയും കുടുംബങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനുമാണ് ഇത്തരം തീരുമാനം എടുത്തതെന്ന് ബഹ്റൈൻ മന്ത്രാലയം വ്യക്തമാക്കി.
2009 ൽ പാസായ പുകവലി വിരുദ്ധ നിയമത്തിൽ ഉൾപ്പെടാത്ത എല്ലാ പൊതു ഇടങ്ങളും ഉൾപ്പെടുത്തുകയും, നിലവിലുള്ള നിയമം വിപുലീകരിക്കാനുമാണ് സാലെഹ് തറാദ ആദ്യം ശ്രമിച്ചിരുന്നത്. നിലവിലുള്ള നിയമം ഭേദഗതി വരുത്തിയാൽ പുതിയ നിർദേശങ്ങൾ നിയമത്തിന് നേർവിപരീതമാകും എന്ന് കണ്ടെത്തുകയായിരുന്നു.
നിയമനിർമ്മാണത്തിലെ വിടവ് തിരിച്ചറിഞ്ഞ സാലെഹ് തറാദ, നിർദേശങ്ങൾ പാർലമെന്റ് സ്പീക്കർ ആയ അഹ്മദ് അൽ മുസല്ലത്തിനും ശൂറ കൗൺസിൽ ചെയർമാൻ അലി സലാഹ് അൽ സാലെഹ്ക്കും കൈമാറി. തന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ അടിയന്തിരമായ ഇടപെടണം എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.
“പബ്ലിക് പാർക്കുകൾ, നടപ്പാതകൾ, ബീച്ചുകൾ എന്നിവ കുടുംബങ്ങൾക്കും കുട്ടികൾക്കും വ്യക്തികൾക്കും ശുദ്ധവായു ആസ്വദിക്കാനും, കായിക വിനോദങ്ങളിൽ ഏർപ്പെടാനും, വിശ്രമിക്കാനും വേണ്ടി നിർമ്മിച്ചതാണ്,” തറാദ പറഞ്ഞു. “എന്നാൽ പല സന്ദർശകരും അപ്രവർത്തകമായി പുക ശ്വസിക്കുന്നത് (second hand smoking) മൂലം അസ്വസ്ഥരാകുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്നു. ഇത് ഈ ഇടങ്ങളുടെ ഉദ്ദേശ്യത്തെ തടസ്സപ്പെടുത്തുന്നു.”