ദോഹ– ഖത്തറിലെ സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. സൂക്ഷിച്ചും കണ്ടറിഞ്ഞും സൈക്കിള്‍ സവാരി നടത്തിയില്ലെങ്കില്‍ പണി പാളും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഗതാഗത വകുപ്പാണ് സുരക്ഷാ കാമ്പയിന്റെ ഭാഗമായി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സൈക്കിള്‍ യാത്രികര്‍ നിശ്ചിത സൈക്കിള്‍ പാതകള്‍ മാത്രം ഉപയോഗിക്കുക. റോഡിന്റെ വലതു വശം ചേര്‍ന്ന് മാത്രം സൈക്കിളോടിക്കുക. ഹെല്‍മെറ്റ് നിര്‍ബന്ധം. ഒപ്പം റിഫളക്റ്റീവ് വെസ്റ്റും ധരിക്കണം.
അപകട സമയത്ത് തലക്കേല്‍ക്കുന്ന പരുക്കിന്റെ ആഘാതം കുറയ്ക്കാനും രാത്രിയിലും പകലിലും സൈക്കിള്‍ യാത്രക്കാരെ വ്യക്തമായി തിരിച്ചറിയാനുമാണ് ഇവ ധരിക്കേണ്ടത്. പ്രകാശം കുറഞ്ഞ സമയങ്ങളില്‍ സൈക്കിളിന്റെ മുമ്പിലും പിന്നിലും ലൈറ്റുകള്‍ ആവശ്യമാണെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും നല്‍കും. കര്‍ശനമായ നടപടികളുണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൈക്കിള്‍ യാത്ര അപകട രഹിതമാക്കുന്നതും റോഡുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കാമ്പയിന്‍ തുടരുമെന്നും അവര്‍ വിശദീകരിച്ചു