മസ്‌കത്ത്- ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിൽ വെച്ച് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പനാമയിൽ രജിസ്റ്റർ ചെയ്ത ‘എം.ടി ഓൺ പീസ്’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആകെ 19 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ 17 പേരും ഇന്ത്യക്കാരാണ്.
കപ്പലിൽ അജ്ഞാത പ്രൊജക്റ്റൈൽ പതിക്കുകയായിരുന്നു. തുടർന്ന് ഒമാൻ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റവരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഖസബിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ പിന്തുണ നൽകിയ ഒമാൻ ഭരണകൂടത്തിന് ഇന്ത്യ നന്ദി അറിയിച്ചു.
വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെ മേഖലയിൽ തുടരുന്ന ആക്രമണങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും സംഭവിച്ച ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുകയും ചെയ്തു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതവും വാണിജ്യ പ്രവർത്തനങ്ങളും ഉടൻ പുനഃസ്ഥാപിക്കണമെന്നും ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







