ദോഹ– ഖത്തറിലെ പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രിയായ ആസ്‌പെറ്റർ, ഇറാഖ് ഫുട്ബോൾ അസോസിയേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഈ കരാർ പ്രകാരം, ഇറാഖ് ദേശീയ ടീമിന് അടുത്ത രണ്ട് വർഷത്തേക്ക് തുടർച്ചയായ മെഡിക്കൽ, ശാസ്ത്രീയ പിന്തുണ ലഭിക്കും. ആസ്‌പെറ്ററിന്റെ
അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളും നൂതന സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറും ഈ പങ്കാളിത്തത്തിലൂടെ ഇറാഖിന് ലഭ്യമാകും. ഈ സഹകരണത്തോടെ, ആസ്പെറ്ററിന്റെ ആഗോള പങ്കാളികളുടെ ശൃംഖലയിൽ ഇറാഖും ചേരുന്നു.
“ഇറാഖ് ഫുട്ബോൾ അസോസിയേഷനുമായുള്ള ഈ സഹകരണ കരാർ ഞങ്ങളുടെ ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു നാഴികക്കല്ലാണ്. ഈ കരാർ. പ്രദേശത്തെ സ്പോർട്സ് മെഡിസിനിൽ ആസ്പെറ്റാറിന്റെ നേതൃപാടവം ഊട്ടിയുറപ്പിക്കുകയും, ലോകോത്തര മെഡിക്കൽ, ശാസ്ത്രീയ സേവനങ്ങൾ നൽകി കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്യുന്നു.” -ആസ്‌പെറ്റർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ-മൗലവി പറഞ്ഞു.
ആസ്‌പെറ്ററുമായുള്ള ഈ കരാർ ഇരു കക്ഷികൾക്കുമിടയിലുള്ള കായിക സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും ആസ്‌പെറ്ററിന്റെ മെഡിസിൻ, സ്പോർട്സ് സയൻസ് വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ഏകോപിത ശ്രമങ്ങൾക്ക് ധാരണയായതായും ഇറാഖ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അദ്‌നാൻ ദിർജാൽ പറഞ്ഞു, ആസ്‌പെറ്റർ, കളിക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മികച്ച സംവിധാങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
ഈ ധാരണാപത്രം ഇറാഖി ടീമുകൾക്ക് ആസ്‌പെറ്ററിന്റെ ലോകോത്തര മെഡിക്കൽ സേവനങ്ങളിൽ മുൻഗണന ലഭിക്കാൻ ഉപകരിക്കും. കളിക്കാരുടെ ഫിറ്റ്നസ് നിലനിർത്തുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര മികവിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കും.
കൂടാതെ, ദേശീയ ടീം കളിക്കാർക്കുള്ള പ്രകടന മൂല്യനിർണയം, അസോസിയേഷന്റെ മെഡിക്കൽ സ്റ്റാഫിന്റെ ശാസ്ത്രീയ, പ്രൊഫഷണൽ വികസനം, കായികതാരങ്ങൾക്ക് ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിനനുസൃതമായ മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് സയൻസ് സേവനങ്ങളിൽ സഹകരണവും ഈ കരാർ ഉൾക്കൊള്ളുന്നുണ്ട്.
തയ്യാറെടുപ്പുകൾക്കും പരിശീലനത്തിനും പിന്തുണയായി, ഇറാഖി ടീമുകൾക്ക് ആസ്‌പയർ സോണിലെ പരിശീലന സൗകര്യങ്ങൾ ഉപയോഗിക്കാനും ഈ കരാർ അനുവദിക്കുന്നു. ഇത് പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങൾക്ക് മികച്ച തയ്യാറെടുപ്പിനും കഴിവുകൾ വികസിപ്പിക്കുന്നതിനും അനുയോജ്യമായ പ്രൊഫഷണൽ അന്തരീക്ഷം ഉറപ്പാക്കുമെന്നും ഈ നീക്കത്തോടെ, പാരിസ് സെന്റ്-ജെർമെയ്‌നും അൾജീരിയ ഫുട്ബോൾ ഫെഡറേഷനും ഉൾപ്പെടെ ആസ്‌പെറ്ററുമായി മെഡിക്കൽ പങ്കാളിത്തം സ്ഥാപിച്ചിട്ടുള്ള നിരവധി ഫെഡറേഷനുകളുടെയും ക്ലബ്ബുകളുടെയും പട്ടികയിൽ ഇറാഖ് ഫുട്ബോൾ അസോസിയേഷനും ചേരുന്നതായും അധികൃതർ വ്യക്തമാക്കി