ജിദ്ദ – നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ (എ.ഐ) ഉപയോഗിച്ച് വ്യക്തിഗത ഫോട്ടോയില്‍ മാറ്റം വരുത്തി യഥാര്‍ഥ ഉടമയുടെ സമ്മതമില്ലാതെ പുനഃപ്രസിദ്ധീകരിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് 9,000 റിയാല്‍ പിഴ ചുമത്തിയതായി സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അറിയിച്ചു.
പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് എ.ഐ സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തില്‍ രാജ്യത്ത് പരസ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ശിക്ഷയാണിത്. എ.ഐ ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗത ചിത്രങ്ങളിൽ മാറ്റം വരുത്തുന്നതും പിന്നീട് അത് വാണിജ്യപരമായി ചൂഷണം ചെയ്യുന്നതും സൗദിയിലെ പകര്‍പ്പവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് അതോറിറ്റി പറഞ്ഞു. പകര്‍പ്പവകാശ ഉടമ പരാതി നല്‍കിയപ്പോഴാണ് കേസില്‍ അന്വേഷണ പ്രക്രിയ ആരംഭിച്ചത്. പ്രതിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് അന്വേഷകര്‍ തെളിവുകള്‍ ശേഖരിച്ച് അവലോകനം ചെയ്തു. അദ്ദേഹത്തിന് തന്റെ വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കി. തുടര്‍ന്ന് കേസ് പ്രത്യേക കമ്മിറ്റിക്ക് കൈമാറി. കമ്മിറ്റി നിയമ ലംഘനം സ്ഥിരീകരിച്ച് പിഴ ചുമത്തുകയായിരുന്നു.
അനുമതിയില്ലാതെ വ്യക്തിഗത ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനോ പുനര്‍നിര്‍മ്മിക്കുന്നതിനോ എ.ഐ ഉപയോഗിക്കുന്നത് വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. സ്രഷ്ടാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഭാവിയിലെ നിയമ ലംഘനങ്ങള്‍ തടയാനും ലക്ഷ്യമിട്ടുള്ള പിഴകളും നിയമപരമായ മറ്റു ശിക്ഷകളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അതോറിറ്റി പറഞ്ഞു. ബൗദ്ധിക സ്വത്തവകാശങ്ങളെ മാനിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി, നവീകരണത്തിന്റെയോ സര്‍ഗാത്മകതയുടെയോ മറവില്‍ എ.ഐ സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി.