ദുബൈ– അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കി യു.എ.ഇ സ്വദേശിയായ 18കാരി ചരിത്രം കുറിച്ചു. ഇമാറാത്തി പർവതാരോഹകയായ ഫാത്തിമ അബ്ദുറഹ്മാൻ അൽ അവാദിയാണ് 4,892 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ വിജയകരമായി എത്തിച്ചേർന്നത്. ഇതോടെ മൗണ്ട് വിൻസൻ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ അറബ് വനിതയും എന്ന അപൂർവ നേട്ടം ഫാത്തിമ സ്വന്തമാക്കി.
ഏഴ് വൻകരകളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ഫാത്തിമയുടെ മൂന്നാമത്തെ വിജയമാണിത്. മൈനസ് 40 ഡിഗ്രിക്ക് താഴെയുള്ള കൊടും തണുപ്പും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് ഫാത്തിമ ഈ നേട്ടം കൈവരിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ യു.എ.ഇയുടെ പതാക ഉയർത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഫാത്തിമ പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് എന്നിവർക്ക് ഫാത്തിമ തന്റെ വിജയം സമർപ്പിച്ചു. യുവാക്കൾക്ക് യു.എ.ഇ ഭരണകൂടം നൽകുന്ന പിന്തുണയാണ് ഇത്തരം കഠിനമായ ദൗത്യങ്ങൾ വിജയിപ്പിക്കാൻ കരുത്താകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. യു.എ.ഇ ആസ്ഥാനമായുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സ്പോർട്‌സ് മാനേജ്‌മെൻ്റ്, പരിശീലന കമ്പനിയായ പാംസ് സ്പോർട്‌സാണ് ആണ് ഫാത്തിമയുടെ പർവതാരോഹണത്തിന് ആവശ്യമായ പിന്തുണ നൽകിയത്.



