ദോഹ– ഖത്തർ സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിജയികളെ കാത്തിരിക്കുന്നത് 2 മില്യൺ ഖത്തർ റിയാലാണ് (ഏകദേശം 4.8 കോടി ഇന്ത്യൻ രൂപ). ഖത്തറിന്റെ ദൃശ്യഭംഗിയും ഫോട്ടോഗ്രാഫിക് തനിമയും, ചാരുതയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന മത്സരം ചരിത്രം, സാംസ്കാരികം, കല എന്നിവക്കെല്ലാം മുൻഗണന നൽകുമെന്ന് സംഘാടകർ അറിയിച്ചു. 2025 ഓഗസ്റ്റ് 10 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഒക്ടോബർ രണ്ടു വരെ
സ്വീകരിക്കും.
ലോകത്തുള്ള ഏത് രാജ്യത്തെ ഫോട്ടോഗ്രാഫർമാർക്കും പങ്കെടുക്കാൻ കഴിയുന്ന ഈ മത്സരത്തിൽ പ്രായം, പരിചയം എന്നിവ ഒരു തടസ്സമല്ല. പ്രധാനമായും ആറു വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
വിഭാഗങ്ങൾ
1) ഖത്തർ വിഭാഗം – രാജ്യത്തെ പ്രധാന സ്മാരകങ്ങൾ ഉൾപ്പെടുത്തുന്നത്.
2) ജനറൽ കളർ വിഭാഗം
3) ജനറൽ ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗം
4) സ്പെഷ്യൽ തീം – ഇമോഷണൽ വിഭാഗം ( കാഴ്ചകാർക്ക് വൈകാരിക അനുഭവം ഉണ്ടാക്കുന്ന ഫോട്ടോ)
5) സ്റ്റോറി ടെല്ലിംഗ് വിഭാഗം – ഫോട്ടോ സീരീസ്
6) സ്പെഷ്യൽ തീം വിഭാഗം (18 വയസ്സിനു താഴെയുള്ള യുവ ഖത്തർ ഫോട്ടോഗ്രാഫർമാർക്ക്)
നിയമങ്ങൾ
1) പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ച് പകർത്തിയതായിരിക്കണം
2) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച ഫോട്ടോകൾ അനുവദനീയമല്ല
3)ലോഗോ, വാട്ടർമാർക്ക് എന്നിവ പാടില്ല
4) ആവശ്യമായ സാങ്കേതിക നിലവാരങ്ങൾ പാലിക്കണം
ഏറ്റവും കൂടുതൽ സമ്മാനത്തുക ലഭിക്കുക ഖത്തർ വിഭാഗത്തിലെ വിജയികൾക്കാണ്. ഈ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 300,000(3 ലക്ഷം) ഖത്തർ റിയാൽ ലഭിക്കും. മറ്റു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 150,000 റിയാൽ, രണ്ടാം സ്ഥാനക്കാർക്ക് 100,000 റിയാൽ, മൂന്നാം സ്ഥാനക്കാർക്ക് 75,000 റിയാൽ എന്നിങ്ങനെയാണ് സമ്മാനത്തുക.
കൂടുതൽ വിവരങ്ങൾക്ക്: https://www.instagram.com/p/DNLZKA0saER/?utm_source=ig_web_copy_link