കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജിദ്ദയിലേയും പരിസരങ്ങളിലേയും ജീവകാരുണ്യ, ജനസേവനവീഥികളില്‍ നന്‍മയുടെ നറുമലരുകള്‍ വിരിയിച്ച പത്തനംതിട്ടയിലെ പ്രവാസികളുടെ സാംസ്‌കാരിക സംഗമത്തിന് നാളെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേളികൊട്ടുയരുന്നു.
കലയുടെ അമൃതേത്തന് സമാനമായി, ‘അമൃതോല്‍സവം’ എന്നറിയപ്പെടുന്ന പി.ജെ.എസിന്റെ (പത്തനംതിട്ട ജില്ലാ സംഗമം) വര്‍ണപ്പകിട്ടാര്‍ന്ന ഈ പരിപാടിയില്‍ പ്രസിദ്ധ ഗായികയും ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ ജേതാവുമായ ദുര്‍ഗാ വിശ്വനാഥ്, പിന്നണി ഗായകന്‍ ജ്യോതിഷ് ബാബു, സംഗീത സംവിധായകനും കീ ഗിത്താറിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍ എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, ജിദ്ദ ഗുഡ്‌ഹോപ്, ജിദ്ദ ഫെനോം ആര്‍ട്ട് അക്കാദമികളിലെ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന നൃത്തശില്‍പങ്ങള്‍, പി.ജെ.എസിന്റെ ബാനറില്‍ അരങ്ങേറുന്ന, കടമ്മനിട്ട രാമകൃഷ്ണന്റെ പ്രസിദ്ധമായ കുറത്തി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവയാണ് പ്രധാനമായും നാളെ ജിദ്ദയിലെ പ്രേക്ഷകര്‍ക്കൊയി ഒരുക്കുന്ന കലാവിരുന്ന്.

പി.ജെ.എസിന്റെ സാരഥികളിലൊരാളായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഈ വര്‍ഷം ജിദ്ദയിലെ പ്രമുഖ അവതാരകനും ശബ്ദകലയില്‍ വേറിട്ട ആവിഷ്‌കാരരീതി കൊണ്ട് ശ്രദ്ധയനായ കലാപ്രതിഭയുമായ നജീബ് വെഞ്ഞാറമൂടിന് നല്‍കും. ഷാജി ഗോവിന്ദ് സമാരക പുരസ്‌കാരം ജീവകാരുണ്യപ്രവര്‍ത്തകനായ മസൂദ് ബാലരാമപുരത്തിനും പി.ജെ.എസ് അംഗങ്ങളുടെ കുട്ടികള്‍ക്കിടയില്‍ മിടുക്കരായവര്‍ക്ക് നല്‍കുന്ന അവാര്‍ഡ് ആരോണ്‍ ഷിബുവിനും നല്‍കും. ഓപ്പറേഷന്‍ കാവേരിയിലൂടെ സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കലിന് കോണ്‍സുലേറ്റുമായി സഹകരിച്ച മനോജ് മാത്യുവിനെ ആദരിക്കും. പി.എം മായിന്‍കുട്ടിക്ക് (മലയാളം ന്യൂസ്) യാത്രയപ്പും നല്‍കുമെന്ന് സംഘാടകരായ അലി തേക്കുതോട്, ജോസഫ് വര്‍ഗീസ്, ജയന്‍ നായര്‍, സന്തോഷ് നായര്‍, അയൂബ്ഖാന്‍ പന്തളം, ഷറഫുദ്ദീന്‍ പത്തനംതിട്ട, വിലാസ് കുറുപ്പ് എന്നിവര്‍ അറിയിച്ചു.