റിയാദ്– 500 വിദ്യാര്‍ഥികള്‍ വിവിധ ഭാഷകളില്‍ തങ്ങളുടെ സര്‍ഗശേഷി പ്രകടമാക്കിയപ്പോള്‍ റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിരിഞ്ഞത് 500 പുസ്തകങ്ങള്‍. അതുവഴി സ്‌കൂള്‍ ഗിന്നസ് റെക്കോര്‍ഡിലുമെത്തി.
വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവിനാണ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത്. ‘ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിംഗ് ഇവന്റ്’വിജയകരമായി സംഘടിപ്പിച്ചാണ് സ്‌കൂള്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ‘ബുക്ക് ബ്ലൂം 500’ എന്ന പേരില്‍ ഒരേസമയം, ഒരു വേദിയില്‍, വിദ്യാര്‍ത്ഥികള്‍ രചിച്ച 506 പുസ്തകങ്ങളുടെ പ്രകാശനമാണ് നിര്‍വഹിക്കപ്പെട്ടത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ മാനേജ്മന്റ് പ്രതിനിധികള്‍ക്ക് കൈമാറി.
‘എന്റെ പുസ്തകം; എന്റെ അഭിമാനം’ എന്ന പേരില്‍ കഴിഞ്ഞ ഏഴ് മാസമായി നടന്നുവരുന്ന ശാസ്ത്രീയമായ എഴുത്തു പരിശീലനത്തിന്റെ ഭാഗമായാണ് ഗ്രേഡ് ഒന്നു മുതല്‍ 10 വരെയുള്ള വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു, മലയാളം, കന്നട, തമിഴ് എന്നീ ഏഴ് ഭാഷകളില്‍ പുസ്തകങ്ങള്‍ രചിച്ചത്. കഥ, കവിത, നോവല്‍, യാത്ര വിവരണം, ആത്മകഥ, ലേഖനങ്ങള്‍, പൊതുവിജ്ഞാനം, പഠനങ്ങള്‍ തുടങ്ങി പത്തോളം വിഭാഗങ്ങളിലായി എഴുതിയ 506 പുസ്തകങ്ങളാണ് ഒരേ വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. പ്രമുഖ മാധ്യമ നിരീക്ഷകനും മുന്‍ അറബ് ന്യൂസ് ചീഫ് എഡിറ്ററുമായ ഉസ്താദ് ഖാലിദ് അല്‍ മഈന പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.


വിവിധ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ, ബിസിനസ്സ് മേഖലകളിലെ പ്രമുഖര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ ഉസ്താദ് അലി അബ്ദുറഹ്മാന്‍, സി ഇ ഒ ലുഖ്മാന്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, സൗദി ഗസറ്റ് എഡിറ്റര്‍ ഹസന്‍ ചെറൂപ്പ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.
വായനയെ പ്രോത്സാഹിപ്പിക്കുന്ന ‘റീഡ് ആന്‍ഡ് റിജോയ്‌സ്’ പരിപാടിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ വിശദീകരിച്ചു. ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടാനും ഭാഷാപരമായ കഴിവുകള്‍ വര്‍ധിപ്പിക്കാനും വൈകാരിക ബുദ്ധി മെച്ചപ്പെടുത്താനും പുസ്തകങ്ങളെ കൂട്ടുകാരാക്കാന്‍ ഈ പ്രോഗ്രാം വിദ്യാര്‍ഥികളെ സഹായിക്കുന്നുണ്ടെന്ന് സ്‌കൂള്‍ സി ഇ ഒ ലുഖ്മാന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ ഇത്തരം ബൃഹത്തായ പ്രകാശന പദ്ധതി ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, കോര്‍ഡിനേറ്റര്‍ സുന്തുസ് സാബിര്‍ നേതൃത്വം നല്‍കി.



