ജിദ്ദ– അൽ ഖോബാർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15ാമത് എഡിഷൻ അൽഖോബാർ സോൺ സാഹിത്യോത്സവ് 2025 ഡിസംബർ 19 വെള്ളി അസീസിയയിൽ വെച്ച് നടക്കും.
പ്രവാസ ലോകത്ത് 25 രാഷ്ട്രങ്ങളിലായി നടക്കുന്ന 15ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് ഇത്തവണ അൽ ഖോബാർ സോൺ സാഹിത്യോത്സവിന് അസീസിയയിൽ വേദിയൊരുങ്ങുന്നത്. “വേരിറങ്ങിയ വിത്തുകൾ” എന്ന പ്രമേയത്തിൽ തുഖ്ബാ സിറ്റി, ശമാലിയ, ബയോണിയ എന്നീ സെക്ടറുകളിൽ നിന്നുള്ള മത്സരാർഥികളാണ് സാഹിത്യോത്സവിൽ മാറ്റുരക്കുക. കലാ, സാഹിത്യ മേഖലകളിലായി 80ൽ പരം മത്സര ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫാമിലി, യൂണിറ്റ്, സെക്ടർ, തലങ്ങളിലെ മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് സോൺ തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കൻ്ററി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി 300ൽ പരം മത്സരാർഥികൾ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി അബ്ദുൽലതീഫ് ഫൈസി ചെയർമാനും ഇഖ്ബാൽ വാണിമേൽ ജനറൽ കൺവീനറുമായി 51 അംഗ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.



