അബുദാബി– യുഎഇയുടെ ചരിത്രവും സംസ്കാരവും പൈതൃകവും ഓർമ്മിപ്പിച്ചുകൊണ്ട് അബുദാബിയിൽ പത്താമത് അൽ ഹൊസ്ൻ ഫെസ്റ്റിവൽ ആരംഭിച്ചു. അബുദാബി സാംസ്കാരിക, വിനോദസഞ്ചര വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. 16 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഒട്ടേറെ സാംസ്കാരികപരിപാടികളും സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് സമാപിക്കും.
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മേള സന്ദർശിച്ചു. ഇമിറാത്തി സാംസ്കാരികത പ്രതിഫലിപ്പിക്കുന്ന കരകൗശലപ്രദർശനങ്ങളും കലാസൃഷ്ടികളും ശൈഖ് ഖാലിദ് വീക്ഷിച്ചു. ദേശീയത സംരക്ഷിക്കുന്നതിലും യുവതലമുറകൾക്കിടയിൽ അതിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിലും ഇത്തരം സാംസ്കാരികമേളകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സംസ്കാരത്തെ ദേശീയതയുടെ ഭാഗമാക്കുന്നതിലും അൽ അൽ ഹൊസ്ൻ ഫെസ്റ്റിവൽ പ്രധാനപങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ശൈഖ് ഖാലിദിനൊപ്പം പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡിവലപ്‌മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുത – സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ദേശീയ മയക്കുമരുന്നുവിരുദ്ധ ഏജൻസി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ, സഹമന്ത്രി ശൈഖ് നഹ്യാൻ ബിൻ സെയ്ഫ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും പങ്കെടുത്തു.



