ദമാം – അല്‍ഹസ അന്താരാഷ്ട്ര വിമാനത്താവളത്തിനും മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ആദ്യമായി ഡയറക്ട് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുടക്കമായി.
അല്‍ഹസ ഗവര്‍ണര്‍ സൗദ് ബിന്‍ ത്വലാല്‍ ബിന്‍ ബദര്‍ രാജകുമാരന്റെ നിര്‍ദേശ പ്രകാരം, അല്‍ഹസ ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി മുആദ് അല്‍ജഅ്ഫരി അല്‍ഹസ-മദീന ഡയറക്ട് വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്തു. അല്‍ഹസക്കും മദീനക്കുമിടയില്‍ പ്രതിവാരം രണ്ട് സര്‍വീസുകള്‍ വീതമാണുള്ളത്.
അല്‍ഹസയിലേക്കുള്ള എയര്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനും മേഖലയിലെ വിനോദസഞ്ചാരത്തെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്ന പ്രധാന കേന്ദ്രമായി അല്‍ഹസ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സേവനങ്ങള്‍ വികസിപ്പിക്കാനും അല്‍ഹസ ഗവര്‍ണര്‍ കാണിക്കുന്ന അതീവ താല്‍പ്പര്യമാണ് അല്‍ഹസ-മദീന വിമാന സര്‍വീസുകളുടെ ഉദ്ഘാടനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുആദ് അല്‍ജഅ്ഫരി പറഞ്ഞു. ഗതാഗത സംവിധാനം വികസിപ്പിക്കാനും ജീവിത നിലവാരം ഉയര്‍ത്താനുമുള്ള വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി യാത്രാ ഓപ്ഷനുകള്‍ വികസിപ്പിക്കാനും അല്‍ഹസ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കാനും ഇത് സഹായിക്കും.
കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമയാന കണക്ടിവിറ്റി വര്‍ധിപ്പിക്കാനും ആഭ്യന്തര യാത്രാ ഓപ്ഷനുകള്‍ വികസിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ, അല്‍ഹസ ഗവര്‍ണറേറ്റ്, ദമാം എയര്‍പോര്‍ട്ട്‌സ് കമ്പനി, ദേശീയ വിമാനക്കമ്പനികള്‍ എന്നിവ തമ്മിലുള്ള സംയോജിത സംവിധാനത്തിന്റെ ഭാഗമായി അല്‍ഹസ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ വിപുലീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് മദീന ഡയറക്ട് സര്‍വീസുകള്‍ ആരംഭിക്കുന്നത്. അല്‍ഹസ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തെ പിന്തുണക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും മേഖലയിലെ വര്‍ധിച്ചുവരുന്ന വ്യോമഗതാഗത ആവശ്യം നിറവേറ്റാനുമുള്ള ദമാം എയര്‍പോര്‍ട്ട്‌സ് കമ്പനി ശ്രമങ്ങളുമായി ഇത് യോജിക്കുന്നു.



