ദുബൈ– ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ വെറും 1 ദിർഹത്തിന് 10 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാൻ യാത്രക്കാർക്ക് അവസരം നൽകുന്ന ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യൻ പ്രവാസി സമൂഹത്തിൽ ഉത്സവാഘോഷം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രമോഷൻ.
2025 നവംബർ 30 വരെയുള്ള യാത്രകൾക്കായി 2025 ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഈ ആനുകൂല്യം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് ഡെസ്റ്റിനേഷനുകളിൽ നിന്നും വാങ്ങിയ ടിക്കറ്റുകൾക്ക് ഓഫർ ബാധകമാണ്.
യാത്രക്കാർക്ക് ബുക്കിംഗ് സമയത്ത് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. ടിക്കറ്റ് ഇഷ്യൂ ചെയ്തതിനുശേഷം ഇത് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദവും താങ്ങാനാവുന്നതുമാക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു.