ദോഹ– ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് ആകർഷകമായ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്. ദോഹയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ വെറും 1 ഖത്തർ റിയാലിന് 10 കിലോഗ്രാം അധിക ലഗേജ് കൊണ്ടുപോകാൻ യാത്രക്കാർക്ക് അവസരം നൽകുന്ന ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചതായി എയർ ഇന്ത്യ ദോഹ ഓഫീസ് അറിയിച്ചു. ദോഹയിൽ നിന്ന് കൊച്ചി, കോഴിക്കോട് , കണ്ണൂർ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും. അതേസമയം, ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുമ്പോൾ ഓഫർ ലഭിക്കില്ല.
2025 നവംബർ 30 വരെയുള്ള യാത്രകൾക്കായി 2025 ഒക്ടോബർ 31 വരെ നടത്തുന്ന ബുക്കിംഗുകൾക്കാണ് ഈ ആനുകൂല്യം. ഖത്തർ കൂടാതെ
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് ഡെസ്റ്റിനേഷനുകളിൽ നിന്നും വാങ്ങിയ ടിക്കറ്റുകൾക്ക് ഓഫർ ബാധകമാണ്. യാത്രക്കാർക്ക് ബുക്കിംഗ് സമയത്ത് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. ടിക്കറ്റ് ഇഷ്യൂ ചെയ്തതിനുശേഷം ഇത് ചേർക്കാൻ കഴിയില്ല.