മനാമ– ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് 2025 ബഹ്‌റൈന്‍ ഡിജിറ്റല്‍ പുരസ്‌കാരം. ദേശീയ പദ്ധതിയുടെ ഭാഗമായി ലഹരി മുക്ത ചികിത്സക്ക് വിധേയരാക്കപ്പെട്ടവരുടെ പുരോഗതി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ നിരീക്ഷിക്കാന്‍ ആപ് ഒരുക്കിയതിനാണ് ആഭ്യന്തര മന്ത്രാലയത്തിന് ബഹുമതി ലഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം ആരംഭിച്ചത്.
ആഭ്യന്തര മന്ത്രി ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അകമഴിഞ്ഞ പിന്തുണയാണ് എഐ സാങ്കേതിക വിദ്യ ഉള്‍പെടുത്തി ആപ് തയാറാക്കാനും ഈ പുരസ്‌കാരം ലഭിക്കാനും കാരണമായതെന്ന് മാനവ വിഭവ ശേഷി അസിസ്റ്റന്‍ഡ് സെക്രട്ടറി ബ്രിഗേഡിയര്‍ ആദില്‍ അമീന്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ സേവന നിലവാരം ഉയര്‍ത്താന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ക്കും ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ക്കും നല്‍കിയ പ്രാധാന്യമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.
ലഹരിയില്‍ നിന്ന് മോചനം നേടിയ വ്യക്തികളുടെ പെരുമാറ്റ രീതികളും വ്യത്യാസങ്ങളും എഐ സാങ്കേതിക വിദ്യയുടെ സഹായത്തില്‍ നിരീക്ഷിച്ച് ആവശ്യമായ മാറ്റങ്ങളും പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്നതാണ് ആപിന്റെ പ്രത്യേകത. എഐ ആപ് നടപ്പാക്കുന്നതില്‍ കുറ്റാന്യേഷണ ഫോറന്‍സിക് വിഭാഗം ഡയറക്ടറേറ്റ് കാര്യമായ പങ്കുവഹിച്ചതായും ആദില്‍ അമീന്‍ വ്യക്തമാക്കി.