റിയാദ് – സൗദിയിൽ ഇലക്ട്രിക് വാഹന വ്യവസായ മേഖലയില്‍ 356 സ്വദേശികളെ ശാക്തീകരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി മൂന്ന് തൊഴില്‍-ബന്ധിത പരിശീലന കരാറുകളില്‍ ഒപ്പുവെച്ചു. പദ്ധതി നടപ്പാക്കാന്‍ മാനവശേഷി വികസന നിധി 6.8 കോടിയിലേറെ റിയാലിന്റെ ധനസഹായം നല്‍കും. വ്യവസായ, ധാതുവിഭവ മന്ത്രാലയം റിയാദില്‍ സംഘടിപ്പിച്ച യു.എന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പൊതുസമ്മേളനത്തോടനുബന്ധിച്ചാണ് കരാറുകള്‍ ഒപ്പുവെച്ചത്. കരാറുകള്‍ പ്രകാരം വ്യാവസായിക മേഖലയില്‍ സ്വദേശികളെ ശാക്തീകരിക്കാനും അപൂര്‍വവും തൊഴില്‍ വിപണിയില്‍ ആവശ്യമുള്ളതുമായ വ്യാവസായിക മേഖലാ ജോലികളില്‍ പ്രത്യേക പരിശീലനത്തിലൂടെ അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി യുവാക്കള്‍ക്ക് സൗദിയിലും ചൈനയിലും പ്രത്യേക പരിശീലന പ്രോഗ്രാമുകള്‍ നടപ്പാക്കും.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ആലാത്ത് കമ്പനി, ഹ്യുണ്ടായ് മിഡില്‍ ഈസ്റ്റ്, നാഷണല്‍ അക്കാദമി ഫോര്‍ ഓട്ടോമൊബൈല്‍സ് ആന്റ് വെഹിക്കിള്‍സ് എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ലെനോവോ ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജിയുമായാണ് മാനവശേഷി വികസന നിധി കരാറുകള്‍ ഒപ്പുവെച്ചത്. കരാറുകള്‍ പ്രകാരം ഇലക്ട്രിക് വാഹന വ്യവസായ മേഖലയിലും നൂതന ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളിലും സ്വദേശികള്‍ക്ക് തൊഴില്‍-ബന്ധിത പരിശീലനം നല്‍കാനുള്ള ചെലവുകള്‍ ഫണ്ട് വഹിക്കും. ഇത് പരിശീലന പ്രോഗ്രാമുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയും സ്വദേശി തൊഴിലാളികളുടെ സുസജ്ജത വര്‍ധിപ്പിക്കുകയും അവരുടെ ശേഷികളും മത്സരശേഷിയും ഉയര്‍ത്തുകയും തൊഴില്‍ വിപണിയിലെ മികച്ചതും നിര്‍ണായകവുമായ സ്‌പെഷ്യലൈസേഷനുകളില്‍ അവരെ ശാക്തീകരിക്കുകയും ചെയ്യും.
സൗദിയില്‍ വ്യാവസായിക മേഖല ശക്തമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ഇലക്ട്രിക് വാഹന വ്യവസായ മേഖലയില്‍ മാനവശേഷി വികസന നിധി സാമ്പത്തിക സഹായത്തോടെ സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നത്. 2024 ല്‍ എണ്ണ ഇതര വ്യാവസായിക ഉല്‍പാദനം 5.3 ശതമാനവും വ്യാവസായിക ഉല്‍പാദന സൂചിക 2.1 ശതമാനവും തോതില്‍ വര്‍ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വ്യവസായ, ലോജിസ്റ്റിക്‌സ് മേഖല എണ്ണ ഇതര മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് ഏകദേശം 263 ബില്യണ്‍ റിയാല്‍ സംഭാവന ചെയ്തു.
വ്യാവസായിക ജി.ഡി.പി 1.4 ട്രില്യണ്‍ റിയാല്‍ ആയി വര്‍ധിപ്പിക്കാനും വ്യാവസായിക മേഖല വികസിപ്പിക്കുന്നതിന് ഒരു ട്രില്യണിലേറെ റിയാലിന്റെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സൗദി അറേബ്യ ലക്ഷ്യമിടുന്നു. ഇത് മൂല്യവര്‍ധിത വസ്തുക്കളുടെ പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കുകയും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മാനവശേഷി വികസനത്തെ പിന്തുണക്കുകയും ദേശീയ തൊഴില്‍ ശക്തിയെ ശാക്തീകരിക്കുകയും ചെയ്യും.
സ്വദേശികളുടെ ശേഷികള്‍ വികസിപ്പിക്കുന്നതിലും ഭാവിയിലെ നൈപുണ്യങ്ങള്‍ സ്വായത്തമാക്കി അവരെ സജ്ജരാക്കുന്നതിലും ഫണ്ടിന്റെ തന്ത്രപരമായ പങ്ക് ഈ കരാറുകള്‍ പ്രതിഫലിപ്പിക്കുന്നു. സുപ്രധാനമായ സാമ്പത്തിക മേഖലകള്‍ക്ക് യോഗ്യരായ സ്വദേശി ജീവനക്കാരെ വാഗ്ദാനം ചെയ്യാനും സാമ്പത്തിക മേഖലകളുടെ വളര്‍ച്ചക്കും സുസ്ഥിരതക്കും പിന്തുണ നല്‍കാനും ഇത് സഹായിക്കും. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുക, വിവിധ മേഖലകളില്‍ അധിക മൂല്യം സൃഷ്ടിക്കുക, സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുക, പ്രാദേശികമായും അന്തര്‍ദേശീയമായും രാജ്യത്തിന്റെ മത്സരശേഷി വര്‍ധിപ്പിക്കുക എന്നിവക്കുള്ള സൗദി അറേബ്യയുടെ സമീപനത്തെ ഇത് ശക്തിപ്പെടുത്തുന്നു.



