മനാമ– മുൻഭാര്യക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ഭർത്താവിനോടും അനന്തരവനോടും 50,000 ബഹ്റൈൻ ദിനാർ ( ഏകദേശം 1.15 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ഉന്നത സിവിൽ കോടതി.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിക്ക് 60 ശതമാനത്തോളം സ്ഥിരമായ അംഗപരിമിതി ബാധിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളായ രണ്ടു പേരെയും ഉന്നത കുറ്റാന്യേഷണ കോടതി നേരത്തെ പത്ത് വർഷം തടവിന് വിധിച്ചിരുന്നു. പിന്നീട് താൻ അനുഭവിച്ച കഷ്ടതകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇര സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു.
ഷോപ്പിങ് സെന്ററിന്റെ പാർക്കിൽ വെച്ചായിരുന്നു ഇരക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ബൈക്കിൽ മാസ്‌ക് ധരിച്ചെത്തിയ അനന്തരവൻ അമ്മാവന്റെ മുൻഭാര്യയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവ സമയത്ത് ഒമ്പതും പതിനൊന്നും വയസ്സുള്ള മക്കളും മാതാവിനൊപ്പമുണ്ടായിരുന്നു.
ഇരയുടെ മുൻഭർത്താവും പ്രതിയുടെ അമ്മാവനുമായ 40കാരൻ ഇവരെ അക്രമിക്കാൻ നിർബന്ധിച്ചുവെന്ന് യുവാവ് മൊഴി നൽകിയിരുന്നു. പാർക്കിങ്ങിൽ മാസ്‌ക് ധരിച്ച് കാത്തുനിന്ന യുവാവ് മുൻ ഭർത്താവാണെന്ന് കരുതി ഫോട്ടോയെടുക്കാൻ ഇര അടുത്തേക്ക് ചെന്നപ്പോഴാണ് ആസിഡ് ആക്രമണം നടത്തിയത്.