അബുദാബി: ഈദുൽ ഫിത്ർ ആഘോഷമാക്കാൻ ഒരുങ്ങി അബുദാബി. വർണദീപങ്ങൾ നഗരത്തെ മനോഹരമാക്കി. ഷോപ്പിങ് മാളുകൾ, തീം പാർക്ക്, കോർണീഷ് , ബീച്ച്, പാർക്കുകൾ എന്നിവടങ്ങളിൽ കേന്ദ്രീകരിച്ചാണ് വിജ്ഞാന വിനോദ-സാംസ്കാരിക പരിപാടികളും വെടിക്കെട്ടും ഒരുക്കിയിരിക്കുന്നത്.
യാസ് വാട്ടർ വേൾഡ്, ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവടങ്ങളിൽ പെരുന്നാളിന് പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
യാസ് മറീന, യാസ് ബേ വാർട്ടർ ഫ്രണ്ട് എന്നിവിടങ്ങളിലാണ് ഈദ് ദിനത്തിൽ രാത്രി 9 ന് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്.സാഹസിക , വിനോദ കേന്ദ്രങ്ങളുടെ പറുദീസയായ ഹുദൈരിയാത്ത് ഐലെൻ്റിൽ പെരുന്നാളാഘോഷം ഗംഭീരമാകും. ഒന്ന് രണ്ട് പെരുന്നാൾ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 11 വരെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. കൂടാതെ ബീച്ചിൽ ഈദ് ആഘോഷിക്കാനെത്തുന്നവർക്ക് മർസാനയിൽ രാത്രി 9 ന് വർണ്ണാഭമായ വെടിക്കെട്ടും ആസ്വദിക്കാം.
ഉമ്മുൽ ഇമറാത്ത് പാർക്കിൽ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണുള്ളത്. കുട്ടികളുടെ പാർക്കിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 വരെ വിവിധ പരിപാടികളുണ്ട്. വൈകിട്ട് 5 മുതൽ രാത്രി 10 വരെയുള്ള സന്ദർശകർക്കായി കുതിര, ഒട്ടകം സവാരിയും സിനിമാ പ്രദർശനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.