അബുദാബി: സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾനൽകിയ എട്ടുപേരെ അബുദാബി പുരസ്കാരങ്ങൾ നൽകി യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു. പൊതുസമൂഹത്തിന് പ്രചോദനാത്മകമായ സംഭാവനകൾ നൽകിയ പുരസ്കാരജേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
അബുദാബി ഖസർ അൽ ഹൊസനിലാണ് 11-ാമത് പുരസ്കാര ദാനച്ചടങ്ങ് നടന്നത്.
ഇമിറാത്തി പൈതൃക സംരക്ഷണം, വിദ്യാഭ്യാസം, സുസ്ഥിരത, വൈദ്യശാസ്ത്രം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക അവബോധം, നിശ്ചയദാർഢ്യമുള്ളവരുടെ ശാക്തീകരണം എന്നിങ്ങനവിവിധമേഖലകളിൽ സംഭാവനകൾ നൽകിയവരെയാണ് പുരസ്കാരങ്ങൾ നൽകി ആദരിച്ചത്.
അംന ഖലീഫ അൽ ഖേംസി,ഡോ. അഹമ്മദ് ഒസ്മാൻ ഷത്തില,ഇമെൻ ഫാക്‌സി, സലാമ സൈഫ് അൽ തെനെജി, ക്ലൈതം ഒബൈദ് അൽ മത്രൂഷി, മെസ്ന മത്തർ അൽ അൽ മൻസൂരി, സഈദ് നസീബ് അൽ മൻസൂരി, ജോൺ സെക്‌സ്ടൺ എന്നിവരാണ് ഈ വർഷത്തെ അബുദാബി പുരസ്കാരങ്ങൾക്ക് അർഹരായത്.
അനുകമ്പ, സഹാനുഭൂതി തുടങ്ങിയമൂല്യങ്ങൾ ഉയർത്തി സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ വിജയികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
സമൂഹത്തിന് ഗുണകരമാകുന്ന പ്രവൃത്തികൾ ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് പുരസ്കാരം ലക്ഷ്യമിടുന്നത്. 2005-ൽ ആരംഭിച്ച പുരസ്കാരത്തിലൂടെ 17 രാജ്യങ്ങളിൽനിന്നുള്ള 100 വ്യക്തികളെ ആദരിച്ചിട്ടുണ്ട്.