അബുദാബി– പുനരുപയോഗവസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഏറ്റവും വലിയ മൊസൈക്കിലൂടെ ലോക ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അബുദാബി. എമിറേറ്റിലെ ഉം അൽ ഇമറാത്ത് പാർക്കും തദ്വീർ ഗ്രൂപ്പും സംയുക്തമായാണ് നേട്ടം കൈവരിച്ചത്.
പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പ് ഉപയോഗിച്ചാണ് കലാസൃഷ്ടി ഒരുക്കിയത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഗിന്നസ് അധികൃതർ പുരസ്കാരം സമ്മാനിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്തത്തിലൂടെയാണ് മൊസൈക്ക് നിർമിച്ചത്. സമൂഹത്തിൽ പാരിസ്ഥിതിക അവബോധവും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭത്തിൽ എമിറേറ്റിലെ സ്‌കൂളുകളടക്കം ഒട്ടേറെ പങ്കാളികളുമുണ്ടായി. 24,846 കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ചാണ് 25 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മൊസൈക്ക് ഒരുക്കിയത്. ഇതിനായി 356 പേർ 18 മണിക്കൂറിലേറെ സമയവും ചെലവഴിച്ചു. സമൂഹത്തിൽ പാരിസ്ഥിതിക അവബോധം വളർത്തുകയാണ് ലക്ഷ്യമെന്ന് തദ്വീർ ഗ്രൂപ്പിലെ കമ്യൂണിക്കേഷൻസ് ആൻഡ് അവയർനെസ് എക്സിക്യുട്ടിവ് ഡയറക്ടർ അബ്ദുൽ വാഹിദ് ജുമാ പറഞ്ഞു.
“ഈ നേട്ടം നമ്മുടെ സമൂഹത്തിന്റെ ആത്മാവിനെയും സുസ്ഥിരതയോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഉമ്മുൽ എമറാത്ത് പാർക്കിന്റെ ഔദ്യോഗിക വക്താവ് റാഷ കബ്ലാവി പറഞ്ഞു.



