അബൂദാബി– ഡ്രൈവിംഗിനിടയിൽസോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് നടത്തിയയാളെ അബൂദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം അപകടകരമായ പ്രവൃത്തികൾ പൊതുജനസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അറസ്റ്റ്.
അബുദാബി പോലീസ് പങ്കുവെച്ച വീഡിയോയിൽ, ഡ്രൈവർ ലൈവ് സ്ട്രീം ചെയ്യുന്നതിനോടൊപ്പം അതിവേഗ ട്രാക്കിലൂടെ ലൈറ്റുകൾ തെളിയിച്ച് മറ്റ് വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ച് മാറ്റുന്നതും വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതും കാണാം. വാഹനമോടിക്കുമ്പോൾ ലൈവ് സ്ട്രീമിംഗ് നടത്തുന്നത് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും ഒരുപോലെ അപകടമുണ്ടാക്കുമെന്ന് പൊലീസ് പറഞ്ഞു. വാഹനമോടിക്കുന്നതിനിടയിലുള്ള ശ്രദ്ധക്കുറവ് മാരകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
റോഡുകൾ അഭ്യാസപ്രകടനങ്ങൾക്കോ സോഷ്യൽ മീഡിയ ഇടപെടലുകൾക്കോ ഉള്ള സ്ഥലമല്ലെന്ന് അധികൃതർ ആവർത്തിച്ചു. അപകടകരമായ ഡ്രൈവിംഗിനോട് വിട്ടുവീഴ്ച ഉണ്ടാവില്ല. വാഹനമോടിക്കുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് അശ്രദ്ധയ്ക്കും ഏകാഗ്രതക്കുറവിനും കാരണമാകുന്നതിനാൽ ഇത് ഗുരുതരമായ ട്രാഫിക് നിയമലംഘനമായി കണക്കാക്കും. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിംഗിനായുള്ള ആഹ്വാനം ട്രാഫിക് നിയമങ്ങൾ പാലിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും അബൂദാബി പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോണുകളോ സോഷ്യൽ മീഡിയയോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും റോഡിലെ ജീവനുകൾ സംരക്ഷിക്കാൻ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം അത്യാവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി.



