അബുദാബി– മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രകൃതി ചരിത്ര മ്യൂസിയമായ അബുദാബി നാച്വറൽ ഹിസ്റ്ററി മ്യൂസിയം ശനിയാഴ്ച സന്ദർശകർക്കായി തുറന്നുകൊടുക്കും. പ്രപഞ്ചത്തിന്റെ ജനനം, സൗരയൂഥത്തിന്റെ രൂപവത്കരണം, ദിനോസറുകളുടെ ഉദയം, ജീവന്റെ പരിണാമം എന്നിങ്ങനെ 1380 കോടി വർഷത്തെ പ്രപഞ്ചത്തിന്റെ ചരിത്രമാണ് അബുദാബി നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുക. അറബ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയത്തിൽ നൂതന ശാസ്ത്ര പ്രദർശനങ്ങളുണ്ടാവും.
സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ 35,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ദ സ്റ്റോറി ഓഫ് എർത്ത്, ദ ഇവോൾവിങ് വേൾഡ്, ഔർ വേൾഡ്, റെസിലന്റ് പ്ലാനറ്റ്, എർത്ത്സ് ഫ്യൂച്ചർ എന്നിങ്ങനെ മ്യൂസിയത്തിൽ വൈവിധ്യമാർന്ന പ്രദർശനങ്ങളുണ്ട്. ദ പാലിയോലാബ്, ദ ലൈഫ് സയൻസസ് ലാബ്, അറേബ്യാസ് ക്ലൈമറ്റ്, ബിയോണ്ട് ദ ഹൊറൈസൺ, ദ ഹ്യൂമൻ സ്റ്റോറി തുടങ്ങിയ ഗാലറികളും ആസ്വദിക്കാം. ഇന്ററാക്ടീവ് തിയേറ്ററും ഒരുക്കിയിട്ടുണ്ട്. നാച്വറൽ ഹിസ്റ്ററി മ്യൂസിയം തുറന്നുകൊടുക്കുന്നതിനു മുന്നോടിയായി അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ മ്യൂസിയം സന്ദർശിച്ചു.


കഴിഞ്ഞ ദിവസം ബോളിവുഡിലെ താര രാജാക്കന്മാരായ സൽമാൻ ഖാനും ഷാറൂഖ് ഖാനും ഒരുമിച്ച് മ്യൂസിയം സന്ദർശിച്ചിരുന്നു. മ്യൂസിയം കവാടത്തിൽ ഇരുവർക്കും ഉദ്യോഗസ്ഥർ സ്വീകരണം നൽകി. ഫോസിലുകൾ, ഉൽക്കാശിലകൾ, ഭൂമിയിലെ ജീവന്റെ ഉത്പത്തി തുടങ്ങിയവയുടെ ശാസ്ത്രീയ വിവരണങ്ങൾ പ്രദർശിപ്പിച്ച അത്യാധുനിക ഗാലറികൾ ഇരുവരും സന്ദർശിച്ചു.



