അബൂദാബി– 22-ാമത് അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ അബൂദാബിയിലെ അഡ്നെക് (ADNEC) സെന്ററിൽ നടക്കും. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലെയും ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രദർശനമായ ഇത്. ഫാൽക്കൺറി, വേട്ടയാടൽ, കുതിരസവാരി, മത്സ്യബന്ധനം, വിവിധ ഔട്ട്ഡോർ കായിക വിനോദങ്ങൾ എന്നിവയിലൂടെ എമിറാത്തി സംസ്കാരവും പൈതൃകവും ആഘോഷിക്കപ്പെടും.
അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബിന്റെ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ADIHEX 2025, അഡ്നെക് (ADNEC) ഗ്രൂപ്പും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബും ചേർന്നാണ് സംഘടിപ്പിക്കുന്നത്. 2003-ൽ തുടങ്ങിയ ഈ പ്രദർശനം ഇത്തവണ ഇതുവരെയുള്ള ഏറ്റവും വലിയ പതിപ്പാകുമെന്നാണ് പ്രതീക്ഷ.
രാവിലെ 11 മുതൽ രാത്രി 10 വരെ ഒമ്പത് ദിവസം നീളുന്ന പ്രദർശനത്തിൽ ഫാൽക്കൺ ലേലങ്ങൾ, ഒട്ടകപ്പന്തയം, ആകർഷകമായ കുതിരസവാരി പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടും. 15 വിഭാഗങ്ങളിലായി ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കു. വേട്ടയാടലിന്റെയും കുതിരസവാരിയുടെയും ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും.
21-ാം നൂറ്റാണ്ടിലെ സുസ്ഥിര വേട്ടയാടൽ രീതികളെക്കുറിച്ചുള്ള സെമിനാറുകൾ, ചർച്ചകൾ, മത്സരങ്ങൾ, ഇന്ററാക്ടീവ് പരിപാടികൾ എന്നിവയാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. പ്രാദേശിക വന്യജീവി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും യു.എ.ഇ.യുടെ പ്രതിബദ്ധതയും, പരമ്പരാഗത സുസ്ഥിര വേട്ടയാടലിന്റെ ആഗോള പ്രചാരകനായി രാജ്യത്തിന്റെ പങ്കും പ്രദർശനത്തിൽ എടുത്തുകാട്ടും.
2025-ലെ ADIHEX, മുൻവർഷത്തെ അപേക്ഷിച്ച് 7% വർധനയോടെ 92,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടക്കും. 68 രാജ്യങ്ങൾ പങ്കെടുക്കും. അതിൽ 11 പുതിയ രാജ്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇത് പരിപാടിയുടെ അന്താരാഷ്ട്ര വ്യാപ്തി വർധിക്കുന്നതിനെ സൂചിപ്പിക്കുന്നു.
ഒട്ടക വിഭാഗം, അറേബ്യൻ സലൂകി വിഭാഗം, പരമ്പരാഗത വേട്ടക്കത്തികൾ പ്രദർശിപ്പിക്കുന്ന കത്തി വിഭാഗം, പരമ്പരാഗത കരകൗശല വസ്തുക്കളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്ന സൗഖ് മേഖല എന്നിവയാണ് 2025-ലെ പുതിയ നാല് വിഭാഗങ്ങൾ.
അഡ്നെക് (ADNEC) ഗ്രൂപ്പ്, ADIHEX 2025 വഴി പ്രധാന സാംസ്കാരിക പരിപാടികൾ ആതിഥേയം വഹിക്കുന്നതിൽ അബുദാബിയുടെ ആഗോള നേതൃത്വം ശക്തിപ്പെടുത്തുന്നു. വേട്ടയാടൽ, കുതിരസവാരി, പൈതൃകം, ഔട്ട്ഡോർ ജീവിതശൈലി എന്നിവയിലെ നവീനതകൾ പ്രദർശിപ്പിക്കാൻ വ്യവസായ നേതാക്കൾക്കും ആരാധകർക്കും ഒരു കേന്ദ്രമായി ADNEC സെന്റർ പ്രവർത്തിക്കുന്നു.
സുഗമമായ അനുഭവം ഉറപ്പാക്കാൻ, ADNEC സെന്റർ അബുദാബി ഓപ്പറേഷൻസ് ടീം, മെച്ചപ്പെട്ട പാർക്കിംഗ് സൗകര്യങ്ങൾ, തടസ്സമില്ലാത്ത പ്രവേശന നടപടിക്രമങ്ങൾ, എല്ലാ പങ്കാളികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ട്രാഫിക് മാനേജ്മെന്റ് പദ്ധതി നടപ്പാക്കുന്നുണ്ട്.
ADNEC ഗ്രൂപ്പിന്റെ ഇവന്റ് മാനേജ്മെന്റ് വിഭാഗമായ ക്യാപിറ്റൽ ഇവന്റ്സ്, എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബുമായി സഹകരിച്ച് ആഗോള പ്രദർശകരെ ഒരുമിച്ച് കൊണ്ടുവരികയും ഏറ്റവും പുതിയ നവീനതകളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുകയും ചെയ്യുന്നു. ക്യാപിറ്റൽ 360 ഇവന്റ് എക്സ്പീരിയൻസസ്, പ്രൊഡക്ഷനിലും സ്റ്റാൻഡ് നിർമ്മാണത്തിലും പ്രധാന പങ്ക് വഹിക്കുന്നു.