മനാമ- അറബ് പരമ്പരാഗത വരുമാന സ്രോതസ്സുകളിൽ ഒന്നായ മുത്തുവാരൽ മത്സരം വീണ്ടും സംഘടിപ്പിച്ച് ബഹ്‌റൈൻ. ആഴക്കടലിൽ മുങ്ങി നിവർന്ന് ആദ്യമെത്തിയ അബ്ദുള്ള ഖലീഫ അൽ മവദ്ധയുടെ ഡൈവിംഗ് ടീമാണ് ഒന്നാമതെത്തിയത്. ശൈഖ് നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സ്‌പോർട്‌സ് സീസണിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ബഹ്‌റൈനിന്റെ സമ്പന്നമായ സമുദ്ര പൈതൃകവും മത്സര മനോഭാവവും എടുത്തുകാണിക്കുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്. മുഹറഖിന് വടക്ക് ഭാഗത്തുള്ള ഹെയ്ർ ഷാതിയ മറൈൻ ഏരിയയിലാണ് മത്സരം നടന്നത്. അബ്ദുള്ള ഖലീഫ അൽ മവദ്ധയുടെ ഡൈവിംഗ് ടീം 14.5 ഗ്രാം ഭാരമുള്ള മുത്തുകൾ ശേഖരിച്ചാണ് വിജയം കൈവരിച്ചത്. കഴിഞ്ഞയാഴ്ച ശൈഖ് ഖലീഫ ബിൻ ഹമദ് അൽ ഖലീഫ റൗണ്ടിൽ വിജയിച്ചതിന് പിന്നാലെയാണ് ഈ നേട്ടവും.
കഴിഞ്ഞയാഴ്ച നാലാം സ്ഥാനത്ത് ആയിരുന്ന ജബർ അലി അൽ മുദാഹ്കയുടെ ടീം 10.04 ഗ്രാം ഭാരമുള്ള മുത്തുകൾ ശേഖരിച്ച് ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞയാഴ്ച അഞ്ചാം സ്ഥാനത്ത് ആയിരുന്ന അബ്ദുല്ല ഖലീഫ അൽ ഹദ്ദിയുടെ ടീം 9.578 ഗ്രാം ഭാരമുള്ള മുത്തുകൾ ശേഖരിച്ചു കൊണ്ട് മൂന്നാം സ്ഥാനത്തുമെത്തി. മുമ്പ് രാജ്യ നിവാസികളുടെ പ്രധാന ഉപജീവനോപാധി ആയിരുന്നു മുത്തുവാരൽ. നൂറോളം അമേച്വർ മുങ്ങൽ വിദഗ്ധർ മത്സരത്തിൽ പങ്കെടുത്തിരുന്നു.