റിയാദ്– തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരണപ്പെട്ടു. നെഞ്ച് വേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടുകയും ആഞ്ജിയോഗ്രാം ചെയ്ത് തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച സത്യൻ വിമാനത്തിനകത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ എയർപോർട്ടിൽ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. കഴിഞ്ഞ 35 വർഷമായി റിയാദിലെ ദുർമയിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ലിഷ, മക്കൾ അപർണ്ണ, അഭിനവ്. മരുമകൻ വിപിൻ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദുർമ യൂണിറ്റ് അംഗമാണ്. മൃതദേഹം തൃശ്ശൂരിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു.
സത്യൻ വേലായുധൻ്റെ ആകസ്മിക വിയോഗത്തിൽ കേളി മുസാഹ്മിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ദുർമയിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജെറി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ സെക്രട്ടറി അനീസ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം സുരേഷ്, രക്ഷധികാരി സമിതി അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.



