റിയാദ് – സൗദിയില്‍ ഇപ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയിലാണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി. ഒമ്പതാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി. സൗദി വിഷന്‍ 2030 ഒരു സ്വപ്‌നമായിരുന്നു. ഇത് ഇപ്പോള്‍ യാഥാര്‍ഥ്യമായി മാറി. എണ്ണ ഇതര സാമ്പത്തിക വളര്‍ച്ചയുടെയും രാജ്യം സാക്ഷ്യം വഹിക്കുന്ന നിക്ഷേപ കുതിച്ചുചാട്ടത്തിന്റെയും സൂചകങ്ങളില്‍ ഇത് പ്രതിഫലിക്കുന്നു.
വളര്‍ച്ചയുടെ പ്രാഥമിക ചാലകശക്തിയായി മാറിയ എണ്ണ ഇതര സമ്പദ്വ്യവസ്ഥയാൽ നയിക്കപ്പെട്ട് സമീപ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) ഇരട്ടിയായി. വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം നേരിട്ടുള്ള വിദേശ നിക്ഷേപം നാലിരട്ടിയായി വര്‍ധിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 90 ശതമാനവും ഇപ്പോള്‍ ഉല്‍പ്പാദനം, സാങ്കേതികവിദ്യ, ടൂറിസം, സംരംഭകത്വം, വെഞ്ച്വര്‍ ക്യാപിറ്റല്‍ തുടങ്ങിയ എണ്ണ ഇതര മേഖലകളിലേക്കാണ് പോകുന്നത്. ഇക്കാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആഗോള തലത്തില്‍ പത്തു ശതമാനം കുറഞ്ഞു. വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം വെഞ്ച്വര്‍ കാപ്പിറ്റല്‍ പത്തിരട്ടി വര്‍ധിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 100 കോടിയിലേറെ ഡോളറിന്റെ ലഘുവായ്പകള്‍ അനുവദിച്ചു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ അനുവദിച്ച ആകെ വായ്പകളുടെ 60 ശതമാനമാണിത്.
ആഭ്യന്തര നിക്ഷേപം വളര്‍ച്ചയുടെ പ്രധാന ഭാഗം നയിക്കുന്നു. ആഭ്യന്തര നിക്ഷേപങ്ങളുടെ അനുപാതം ജി.ഡി.പിയുടെ 30 ശതമാനമായി ഉയര്‍ന്നു. രാജ്യത്തിന്റെ ബജറ്റ് വരുമാനത്തിന്റെ 40 ശതമാനം എണ്ണ ഇതര വരുമാനത്തില്‍ നിന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് പകുതിയായി കുറഞ്ഞതും തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിച്ചതുമാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണപരമായ മാറ്റം. കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.
റെഡ് സീ, ദിരിയ, ഖിദ്ദിയ, നിയോം തുടങ്ങിയ പ്രധാന പദ്ധതികളിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുകയും ലക്ഷ്യങ്ങള്‍ മറികടക്കുകയും ചെയ്ത ശേഷം അടുത്ത ഘട്ടത്തില്‍ വിഷന്‍ 2030 പദ്ധതിയുടെ മുന്‍കൈ സ്വകാര്യ മേഖലയിലേക്ക് മാറും. സര്‍ക്കാരും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഒരുപടി പിന്നോട്ട് പോയി സ്വകാര്യ മേഖലയെ നിക്ഷേപ പ്രക്രിയയില്‍ പ്രവേശിക്കാനും സംഭാവന നല്‍കാനും അനുവദിക്കേണ്ട സമയമാണിത്. നിക്ഷേപ മന്ത്രാലയത്തിലും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലും മുഴുവന്‍ സര്‍ക്കാരിലും ഞങ്ങള്‍ ദിവസവും ചെയ്യുന്നത് ഇതാണ്.
പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിലും പരസ്പര വിശ്വാസത്തിലുമാണ് അടിസ്ഥാനപരമായി നിക്ഷേപം നിലനില്‍ക്കുന്നത്. സ്വകാര്യ മേഖലയെ ശാക്തീകരിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തില്‍ സൗദി ഗവണ്‍മെന്റ് വിശ്വസിക്കുന്നു. പ്രധാന അന്താരാഷ്ട്ര കമ്പനികളുമായുള്ള അതുല്യമായ പങ്കാളിത്തത്തിലൂടെ നടപ്പാക്കല്‍, ഇന്നൊവേഷന്‍, വികസനം എന്നിവയില്‍ രാജ്യം ആഴത്തിലുള്ള പരിചയസമ്പത്ത് കൈവരിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ ആരംഭിച്ച പല നിക്ഷേപങ്ങളും ഉയര്‍ന്ന നിലവാരമുള്ളവയാണ്. ഇവ 100 ശതമാനവും നടപ്പാക്കിക്കഴിഞ്ഞു.
സമ്പദ്‌വ്യവസ്ഥയിലുള്ള ആത്മവിശ്വാസം അനിവാര്യ ഘടകമാണ്. സങ്കീര്‍ണമായ നിയമ നടപടിക്രമങ്ങള്‍ ആശ്രയിക്കുന്നത് കുറക്കാനും സംരംഭകരെയും ഇന്നൊവേറ്റര്‍മാരെയും പിന്തുണക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സൗദി അറേബ്യ ശ്രമിക്കുന്നു. ലോകത്തോടുള്ള തുറന്ന മനസ്സും അമേരിക്ക, ചൈന, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ ഉള്‍പ്പെടെ കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയുള്ള വിവിധ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധവുമാണ് സൗദി അറേബ്യയുടെ കരുത്ത്. രാഷ്ട്രീയ, സാമ്പത്തിക ചാഞ്ചാട്ടങ്ങള്‍ ബാധിക്കാത്തതും പ്രധാന ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍ സാമ്പത്തിക പാതയെ മാറ്റാത്തതുമായ വ്യക്തമായ കാഴ്ചപ്പാടിന് അനുസൃതമായി സൗദി അറേബ്യ ഉറച്ചകാല്‍വെപ്പുകളോട മുന്നോട്ട് പോകുന്നതായും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.



