മനാമ- പല ലോക രാജ്യങ്ങളിലെ നിരത്തുകളില്‍ തലങ്ങും വിലങ്ങുമോടുന്ന കാറുകളുടെ പേരുകള്‍ ഒറ്റശ്വാസത്തില്‍ പറയാനറിയുന്ന ഒരു മലയാളി കുഞ്ഞുപെണ്‍കുട്ടി ശ്രദ്ധയാകര്‍ഷിക്കുന്നു. വെറും 63 സെക്കന്റുകള്‍ക്കിടയില്‍ 27 ഇന്റര്‍നാഷണല്‍ കാറുകളുടെ പേരു പറഞ്ഞ് അന്തര്‍ദേശീയ റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് മൂന്നു വയസ്സുകാരിയായ സഹ്‌റ ഫാത്തിമ ജാസിം.
ബഹ്റൈനില്‍ ജോലി ചെയ്യുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ ജാസ്മിന്റെയും സുനിതയുടെയും മകളായ സഹ്‌റ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടി. ലാപ്‌ടോപ് സ്‌ക്രീനില്‍ കാണിച്ച ഫോട്ടോകള്‍ നോക്കിയാണ് സഹ്‌റ കാറുകളുടെ പേരുകള്‍ പറഞ്ഞു അപൂര്‍വ റെക്കോര്‍ഡിന് അര്‍ഹയായിരിക്കുന്നത്.
2022 ആഗസ്റ്റ് 15നാണ് സഹ്‌റ ജനിച്ചത്. സ്ഥിരമായി യാത്ര ചെയ്യുന്ന ജാസിമും കുടുംബവും റോഡുകളില്‍ കാണുന്ന കാറുകളുടെ പേരുകള്‍ മകള്‍ക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. ഇതോടെയാണ് സഹ്‌റക്ക് കാറുകളോട് താത്പര്യം തോന്നിയത്. തുടര്‍ന്ന് ഏതു കാറുകള്‍ കണ്ടാലും ചോദിച്ചു മനസ്സിലാക്കി അതോര്‍ത്ത് പറയുന്നത് സഹ്‌റയുടെ ശീലമായി മാറി.