കുവൈത്ത് സിറ്റി – ഒമ്പത് മാസത്തിനിടെ വിവിധ രാജ്യക്കാരായ 28,984 വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയതായി അധികൃതര്‍. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള ഒമ്പതു മാസത്തിനിടെയാണ് വിദേശികളെ നാടുകടത്തിയത്. ഇഖാമ തൊഴില്‍ നിയമ ലംഘകര്‍, ജോലി സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടിയവര്‍, യാചകര്‍, അനധികൃത തൊഴിലാളികള്‍, സുരക്ഷാ, സാമൂഹിക മേഖലകള്‍ക്ക് ഭീഷണിയായവര്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളവര്‍, മയക്കുമരുന്ന് ഉപയോഗം-മയക്കുമരുന്ന് കൈവശം വെക്കല്‍ കേസുകളിലെ പ്രതികള്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് നാടുകടത്തിയത്.
നാടുകടത്തപ്പെട്ടയാളോ സ്‌പോൺസറോ വിമാനടിക്കറ്റ് നൽകാത്ത സാഹചര്യത്തിൽ അംഗീകൃത ട്രാവൽ ഏജൻസികളുമായി സഹകരിച്ച് ആഭ്യന്തര ടിക്കറ്റ് ഏർപ്പെടുത്തും. ടിക്കറ്റ് തുക പിന്നീട് സ്‌പോണ്‍സറില്‍ നിന്ന് ഈടാക്കും. ടിക്കറ്റ് തുക അടക്കുന്നതു വരെ സ്‌പോണ്‍സര്‍ക്ക് യാത്രാ വിലക്കോ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിലക്കോ ഏര്‍പ്പെടുത്തും.
സാധുവായ പാസ്പോർട്ടോ അടിയന്തര യാത്രാ രേഖയോ ഉള്ളവർക്ക് നാടുകടത്തൽ നടപടികൾ ശരാശരി മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകും. എന്നാൽ എംബസി നടപടികളിലെ കാലതാമസമോ കോടതിയിൽ തുടരുന്ന കേസുകളോ കാരണം ചിലർക്ക് കൂടുതൽ സമയം എടുക്കും.രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. വിവിധ പ്രദേശങ്ങളിൽ സുരക്ഷാ കാമ്പയിനുകൾ തുടരുകയാണെന്നും ആയിരക്കണക്കിന് നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.