അബുദാബി– യുഎഇയിൽ ശൈത്യകാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ജനുവരി പകുതിയോടെ ആരംഭിക്കുന്ന ‘ശബാത്ത്’ (Shabat) സീസണോടെ വരും ദിവസങ്ങളിൽ രാജ്യം കഠിനമായ തണുപ്പിന് സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ശബാത്ത് സീസൺ ആരംഭിക്കുന്നതോടെ ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന 26 ദിവസമാണ് യുഎഇയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഉൾനാടൻ മരുഭൂമി പ്രദേശങ്ങളിലും മലയോര മേഖലകളിലും താപനില 5 ഡിഗ്രി സെൽഷ്യസിലും താഴെയാകാൻ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും താപനിലയിൽ വലിയ കുറവുണ്ടാകും.
തണുപ്പിനൊപ്പം തന്നെ വടക്കൻ കാറ്റും സജീവമാകും. ഇത് അന്തരീക്ഷത്തിലെ തണുപ്പ് വർധിപ്പിക്കാൻ കാരണമാകും. ‘ശബാത്ത്’ സീസണിനെ 13 ദിവസങ്ങൾ വീതമുള്ള രണ്ട് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതിൽ രണ്ടാമത്തെ ഘട്ടത്തിലായിരിക്കും തണുപ്പ് അതിന്റെ പരമാവധിയിലെത്തുക. സൈബീരിയയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള തണുത്ത വായുപ്രവാഹം മേഖലയിലേക്ക് എത്തുന്നതാണ് ഈ പെട്ടെന്നുള്ള താപനില മാറ്റത്തിന് കാരണം. രാത്രികാലങ്ങളിലും പുലർച്ചെയും തണുപ്പ് കഠിനമാകുന്നതിനാൽ പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവർ ശക്തമായ കാറ്റിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.



