ജിദ്ദ – രാജ്യത്തെ വിമാന കമ്പനികള്‍ക്കെതിരെ ജൂലൈ മാസം യാത്രക്കാരില്‍ നിന്ന് 1,974 പരാതികള്‍ ലഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് ദേശീയ വിമാന കമ്പനിയായ സൗദിയക്കെതിരെയാണ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 31 പരാതികള്‍ എന്ന തോതിലാണ് ജൂലൈയില്‍ സൗദിയക്കെതിരെ യാത്രക്കാരില്‍ നിന്നും പരാതി ലഭിച്ചത്. ഇതില്‍ 98 ശതമാനം പരാതികളിലും നിശ്ചിത സമയത്തിനകം കമ്പനി പരിഹാര നടപടികള്‍ സ്വീകരിച്ചു.
രണ്ടാം സ്ഥാനത്തുള്ള ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് 36 പരാതികള്‍ എന്ന തോതിലാണ് ജൂലൈയില്‍ ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഫ്‌ളൈ അദീലിനെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് 40 പരാതികള്‍ തോതിലും ജൂലൈയില്‍ ലഭിച്ചു. ഫ്‌ളൈ നാസും ഫ്‌ളൈ അദീലും 100 ശതമാനം പരാതികളും നിശ്ചിത സമയത്തിനകം പരിഹരിച്ചു. വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിടല്‍, സര്‍വീസുകള്‍ റദ്ദാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ജൂലൈയില്‍ വിമാന കമ്പനികള്‍ക്കെതിരെ യാത്രക്കാരില്‍ നിന്ന് ഏറ്റവും കൂടതല്‍ പരാതികള്‍ ലഭിച്ചത്. ലഗേജ് സേവനം, ടിക്കറ്റ് നിരക്ക് തിരികെ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
പ്രതിവര്‍ഷം 60 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോകുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറവ് പരാതികള്‍ ഉയര്‍ന്നുവന്നത് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെയാണ്. റിയാദ് വിമാനത്താവളത്തിനെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഒരു പരാതി തോതിലാണ് ലഭിച്ചത്. റിയാദ് എയര്‍പോര്‍ട്ടിനെതിരെ ആകെ 23 പരാതികളാണ് ജൂലൈയില്‍ ലഭിച്ചത്. മുഴുന്‍ പരാതികള്‍ക്കും നിശ്ചിത സമയത്തിനകം എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പരിഹാരം കണ്ടു.
പ്രതിവര്‍ഷം 60 ലക്ഷത്തില്‍ കുറവ് യാത്രക്കാര്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ തായിഫ് എയര്‍പോര്‍ട്ടിനെതിരെ ആണ് ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത്. ആകെ മൂന്നു പരാതികളാണ് തായിഫ് വിമാനത്താവളത്തിനെതിരെ ജൂലൈയില്‍ ലഭിച്ചത്. ഇവക്ക് നിശ്ചിത സമയത്തിനകം എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പരിഹാരം കാണുകയും ചെയ്തു. ഒരു ലക്ഷം യാത്രക്കാര്‍ക്ക് രണ്ടു പരാതികള്‍ തോതിലാണ് തായിഫ് എയര്‍പോര്‍ട്ടിനെതിരെ ഉയര്‍ന്നുവന്നത്.
ആഭ്യന്തര വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറവ് പരാതികള്‍ ഉയര്‍ന്നുവന്നത് അല്‍ബാഹ കിംഗ് സൗദ് എയര്‍പോര്‍ട്ടിനെതിരെ ആണ്. അല്‍ബാഹ എയര്‍പോര്‍ട്ടിനെതിരെ ആകെ രണ്ടു പരാതികളാണ് ഉയര്‍ന്നുവന്നത്. ഇവക്ക് നിശ്ചിത സമയത്തിനകം അല്‍ബാഹ വിമാനത്താവള അധികൃതര്‍ പരിഹാരം കണ്ടതാതായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ബോര്‍ഡിംഗ് പാസുകള്‍ നല്‍കല്‍, ജീവനക്കാരുടെ ഇടപഴകലുകള്‍, വൈകല്യമുള്ളവര്‍ക്കും പരിമിതമായ ചലനശേഷിയുള്ളവര്‍ക്കുമുള്ള സേവനം എന്നിവ അടക്കമുള്ള കാര്യങ്ങളില്‍ വിമാന കമ്പനികളുടെയും എയര്‍പോര്‍ട്ടുകളുടെയും ഭാഗത്തുള്ള വീഴ്ചകളെയും നിയമ ലംഘനങ്ങളെയും കുറിച്ച് പരാതികള്‍ ഏകീകൃത കോള്‍ സെന്റര്‍ (1929), 0115253333 എന്ന വാട്സ്ആപ്പ് നമ്പര്‍ വഴിയോ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇ-മെയില്‍, വെബ്‌സൈറ്റ് എന്നിവ വഴിയോ യാത്രക്കാര്‍ക്ക് ഇരുപത്തിനാലു മണിക്കൂറും അതോറിറ്റിയെ അറിയിക്കാവുന്നതാണ്.