- ഗാസയിൽ ഹമാസ് നടത്തിയ ഭൂഗർഭ ആയുധ ഫാക്ടറി തകർത്തതായി ഇസ്രായേലി സൈന്യം അവകാശപ്പെട്ടു
ജിദ്ദ: മധ്യ ഇസ്രായേലിലെ ഷാരോൺ ഏരിയയിൽ ഹിസ്ബുല്ല നടത്തിയ മിസൈൽ ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റതായി ഇസ്രായേലി പോലീസ് അറിയിച്ചു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധ്യഇസ്രായേലിലെ ടിര നഗരത്തിൽ മിസൈൽ ആക്രമണത്തിൽ ഏതാനും പേർക്ക് പരുക്കേറ്റതായി ഇസ്രായേലി എമർജൻസി മെഡിക്കൽ സർവീസ് ആയ മാഗൻ ഡേവിഡ് ആഡം പറഞ്ഞു. ടെൽഅവീവിനു സമീപം ഇസ്രായേലി ഇന്റലിജൻസ് ആസ്ഥാനം ലക്ഷ്യമിട്ട് റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ആണ് ഗലിലോത്തിലെ മിലിട്ടറി ഇന്റലിജൻസ് യൂനിറ്റ് ലക്ഷ്യമിട്ട് റോക്കറ്റുകൾ തൊടുത്തുവിട്ടതെന്ന് ഹിസ്ബുല്ല പറഞ്ഞു. ദക്ഷിണ തെൽഅവീവിലെ പൽമചിം വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയതായും ഹിസ്ബുല്ല പറഞ്ഞു.
ഇസ്രായേൽ ലക്ഷ്യമിട്ട് കിഴക്കുനിന്ന് തൊടുത്തുവിട്ട മൂന്നു ഡ്രോണുകൾ ചെങ്കടലിനു മുകളിൽ വെച്ച് വെടിവെച്ചിട്ടതായി ഇസ്രായേലി സൈന്യം പറഞ്ഞു. ഇസ്രായേലിലെ റിസോർട്ട് നഗരമായ ഈലാത്ത് ലക്ഷ്യമിട്ട് നാലു ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഇസ്‌ലാമിക് റെസിസ്റ്റൻസ് പറഞ്ഞു.
അതിനിടെ, ഇസ്രായേൽ നാവികസേനാ കമാൻഡോകൾ ഉത്തര ലെബനോനിലെ ബട്രോൺ ഏരിയയിൽ നിന്ന് ലെബനീസ് പൗരനെ തട്ടിക്കൊണ്ടുപോയി. ഹിസ്ബുല്ല പ്രവർത്തകനായ ഇമാദ് ഫാദിൽ അംഹസിനെയാണ് ഇസ്രായേലി കമാൻഡോകൾ തട്ടിക്കൊണ്ടുപോയത്. വാണിജ്യ കപ്പൽ ക്യാപ്റ്റനാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായതെന്ന് ലെബനീസ് പൊതുമാരമത്ത് മന്ത്രി അലി ഹമിയ്യ പറഞ്ഞു.
തട്ടിക്കൊണ്ടുപോകലിന് യാതൊരുവിധ ഒത്താശകളും ചെയ്തുകൊടുത്തിട്ടില്ലെന്നും ലെബനോന്റെ പരമാധികാരം ഒരുനിലക്കും ലംഘിച്ചിട്ടില്ലെന്നും യു.എൻ സമാധാന സേന പറഞ്ഞു. ഹിസ്ബുല്ലക്കു കീഴിലെ നാവിക സേനയിലെ മുതിർന്ന അംഗത്തെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഇസ്രായേലി വൃത്തങ്ങൾ പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 55 പേർ കൊല്ലപ്പെടുകയും 192 പേർക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്‌ടോബർ ഏഴു മുതൽ ഗാസയിൽ ഇസ്രായ്ൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43,314 ആയും പരുക്കേറ്റവരുടെ എണ്ണം 1,02,019 ആയും ഉയർന്നിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഗാസയിൽ ഹമാസ് നടത്തിയിരുന്ന ഭൂഗർഭ ആയുധ ഫാക്ടറി തകർത്തതായി ഇസ്രായേലി സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലെ അൽസൈതൂൻ ഡിസ്ട്രിക്ടിനു സമീപമാണ് ആയുധ ഫാക്ടറി കണ്ടെത്തി തകർത്തതെന്നും സൈന്യം പറഞ്ഞു.