ജിദ്ദ – സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ജൂലൈയിൽ നിയമാനുസൃതമായി നാട്ടിലേക്ക് അയച്ച പണത്തില്‍ 15.4 ശതമാനം വളര്‍ച്ച. ജൂലൈയില്‍ 1,490 കോടി റിയാല്‍ (390 കോടി ഡോളര്‍) ആണ് ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. തുടര്‍ച്ചയായി പതിനേഴാം മാസമാണ് വിദേശികളുടെ റെമിറ്റന്‍സില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
ഈ വര്‍ഷം ജൂണില്‍ 1,380 കോടി റിയാലും കഴിഞ്ഞ വർഷം ജൂലൈയില്‍ 1,290 കോടി റിയാലുമാണ് സൗദിയിലെ പ്രവാസികള്‍ സ്വദേശത്തേക്ക് അയച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ വിദേശികളുടെ റെമിറ്റന്‍സ് സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. 1,550 കോടി റിയാലാണ് മാർച്ചിൽ പ്രവാസികൾ അയച്ചത്. ഈ വർഷം ആദ്യം മുതല്‍ വിദേശികളുടെ ശരാശരി പ്രതിമാസ റെമിറ്റന്‍സ് 1,410 കോടി റിയാലാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യം മുതൽ സൗദിയിലെ പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ പത്തു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയില്‍ കൂടുതല്‍ വിദേശികള്‍ക്ക് തുടര്‍ച്ചയായി തൊഴിലവസരങ്ങള്‍ ലഭിക്കുന്നതും പ്രവാസികളുടെ വേതനത്തിലുണ്ടാകുന്ന വര്‍ധനവുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് പതിനാലു ശതമാനവും ഇക്കഴിഞ്ഞ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ആറു ശതമാനവും ജൂലൈയില്‍ സ്വദേശികള്‍ അയച്ച പണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യം മുതല്‍ സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 14 ശതമാനം വളര്‍ച്ചയുണ്ടായി. ജനുവരി മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 4,260 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദികള്‍ വിദേശങ്ങളിലേക്ക് അയച്ചത്.