സൗദി അറേബ്യയിൽ 11,000 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി. സൗദി അറേബ്യയിലെ തബൂക്കിലെ മസ് യൂൻ പ്രദേശത്താണ് നഗരം കണ്ടെത്തിയത്. രാജ്യത്തെ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസസ്ഥലമാണ് ഇത്. മനുഷ്യജീവിതം നാടോടികളിൽ നിന്ന് സ്ഥിരവാസത്തിലേക്ക് മാറിയ നിർണായക ഘട്ടത്തിന്റെ തെളിവായിട്ടുകൂടിയാണ് ഇതിനെ കണക്കാക്കുന്നത്. കത്തികൾ, അമ്പും വില്ലും, ധാന്യം അരയ്ക്കാനുള്ള കല്ലുകൾ തുടങ്ങിയ ഉപകരണങ്ങൾ കണ്ടെത്തിയതാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്താൻ കാരണം. പ്രദേശത്തെ ജനങ്ങളുടെ ജീവിതം വേട്ടയാടലും ധാന്യകൃഷിയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നും കണ്ടെത്തൽ സൂചിപ്പിക്കുന്നുണ്ട്. ഗ്രാനൈറ്റ് കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച അർദ്ധവൃത്താകൃതിയിലുള്ള കെട്ടിടങ്ങളും അവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ, താമസ സ്ഥലങ്ങൾ, സംഭരണ ഗോഡൗണുകൾ, ഇടനാഴികൾ, അടുക്കളകൾ, അടുപ്പുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
സൗദി സാംസ്‌കാരിക മന്ത്രിയും പൈതൃക കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ആണ് ഈ ചരിത്രപരമായ കണ്ടെത്തൽ പ്രഖ്യാപിച്ചത്. ജപ്പാനിലെ കനസാവ സർവ്വകലാശാലയുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.