ദുബൈ: യുഎഇയുടെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയായ 100 ദശലക്ഷം ദിർഹം (225 കോടി ഇന്ത്യൻ രൂപയോളം) സ്വന്തമാക്കിയ ആ ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത് തന്നെ.
അനിൽകുമാർ ബി എന്ന് അധികൃതർ പുറത്തുവിട്ട മഹാഭാഗ്യവാൻ പേര് സൂചിപ്പിക്കുന്നതു പോലെ മലയാളിയാണോ അല്ലെങ്കിൽ ഇന്ത്യക്കാരനാണോ എന്നറിയാനാണ് ഏവരുടെയും ആകാംക്ഷ.
സമ്മാനം അടിച്ചെന്ന് അദ്ദേഹത്തെ ഫോണിലൂടെ ലോട്ടറി അധികൃതർ അറിയിച്ചപ്പോൾ അങ്ങേത്തലയ്ക്കൽ കേട്ട ആ ഞെട്ടലിന്റെ ശബ്ദം യുഎഇ ലോട്ടറി അധികൃതർ തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
പോസ്റ്റ് ചെയ്ത വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി.
“ഹായ്, ഞാൻ യുഎഇ ലോട്ടറിയിൽ നിന്ന് ഷായാണ്,” വളരെ ശാന്തമായ ശബ്ദത്തിൽ വിളിച്ചയാൾ ആദ്യം സ്വയം പരിചയപ്പെടുത്തി.: “നിങ്ങളാണ് ഞങ്ങളുടെ നറുക്കെടുപ്പിൽ 100 മില്യൺ ദിർഹത്തിന്റെ വിജയി!” മറുതലക്കൽ ആദ്യം കുറച്ചു നിമിഷത്തെ അമ്പരപ്പിക്കുന്ന നിശബ്ദത,
“ഓ മൈ ഗോഡ്!”
അപ്രതീക്ഷിതമായി ഈ വാർത്ത കേട്ട വിജയിയുടെ പ്രതികരണം കേൾക്കുന്നവരെയും കോരിത്തരിപ്പിച്ചു.
ഒക്ടോബർ 18-ന് നടന്ന നറുക്കെടുപ്പിൽ എല്ലാ ഏഴ് നമ്പറുകളും കൃത്യമായി ഒത്തുചേർന്നാണ് യുഎഇയുടെ ചരിത്രംതിരുത്തിക്കുറിച്ച് വിജയി സമ്മാനം സ്വന്തമാക്കിയത്.
അനിൽകുമാർ ബി. എന്ന് മാത്രമാണ് വിജയിയെ കുറിച്ച് ലോട്ടറി അധികൃതർ പുറത്ത് വിട്ട വിവരം. വിജയിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് യുഎഇ ലോട്ടറി ഓപ്പറേറ്റർ നേരെത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
അതേസമയം, അനിൽകുമാർ ബി മലയാളിയാകാനാണ് സാധ്യത എന്ന് തന്നെയാണ് മിക്കവരും വിശ്വസിക്കുന്നത്.
വിജയിയുടെ വ്യക്തിവിവരം പ്രഖ്യാപിക്കുന്നതിന് മുമ്പായി യുഎഇ ലോട്ടറി അധികൃതർ ആവശ്യമായ സുരക്ഷാ പരിശോധനകളും നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്.
https://x.com/theuaelottery/status/1981403856433979590?t=KeKljnVRYUSOzaJuVpExEg&s=08



