ലണ്ടൻ– ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ ആഴ്സണലിനും ആസ്റ്റൺ വില്ലയ്ക്കും തകർപ്പൻ ജയം. ആവേശമേറിയ പോരാട്ടത്തിൽ ബോൺമൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ആഴ്സണൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ഡെക്ലാൻ റൈസാണ് ആഴ്സണലിന്റെ വിജയശില്പി. മത്സരത്തിന്റെ 10-ാം മിനുറ്റിൽ ഇവാ നിൽസണിലൂടെ ബോൺമൗത്താണ് ആദ്യം ലീഡ് നേടിയത്. എന്നാൽ, 16-ാം മിനുറ്റിൽ ഗബ്രിയേൽ മഗാലെസിലൂടെ ആഴ്സണൽ സമനില പിടിച്ചു. രണ്ടാം പകുതിയിൽ കളം നിറഞ്ഞ കളിച്ച ഡെക്ലാൻ റൈസ് 54, 71 മിനുറ്റുകളിൽ ലക്ഷ്യം കണ്ടതോടെ ആഴ്സണൽ വിജയം ഉറപ്പിച്ചു. ജൂനിയർ ക്രൂപിയുടെ വകയായിരുന്നു ബോൺമൗത്തിന്റെ രണ്ടാം ഗോൾ.
കഴിഞ്ഞ മത്സരത്തിൽ ആർസണലിനോട് പരാജയപ്പെട്ട ആസ്റ്റൺ വില്ല വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ വില്ല ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയാണ് പരാജയപ്പെടുത്തിയത്. ജോൺ മക്ഗിന്നിന്റെ ഇരട്ട ഗോളുകളാണ് (49, 73 മിനുറ്റുകളിൽ) വില്ലയ്ക്ക് കരുത്തായത്. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് വാട്ടകിൻസാണ് വില്ലയുടെ ആദ്യ ഗോൾ നേടിയത്. എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത് ഗിബ്സ് വൈറ്റ് 61-ാം മിനുറ്റിലാണ്. ഈ വിജയത്തോടെ തുടർച്ചയായ 11 ഹോം മത്സരങ്ങളിൽ ജയിക്കുകയെന്ന തങ്ങളുടെ തന്നെ ക്ലബ് റെക്കോർഡിനൊപ്പമെത്താനും ആസ്റ്റൺ വില്ലയ്ക്ക് സാധിച്ചു.
മറ്റൊരു മത്സരത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് വോൾവ്സ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ ജയം നേടി. വോൾവ്സിന് വേണ്ടി ജോൺ അരിയസ് ( നാലാം മിനുറ്റ് ), ഹീ ചാൻ ഹ്വാങ് ( 31-ാം മിനുറ്റ് ), മത്യാസ് മാനേ ( 41-ാം മിനുറ്റ് ) എന്നിവരാണ് ഗോൾ നേടിയത്.
വിജയത്തോടെ ആഴ്സണൽ 48 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 42 പോയിന്റുള്ള ആസ്റ്റൺ വില്ലയാണ് രണ്ടാമത്.
മറ്റു മത്സരങ്ങൾ
ബ്രൈറ്റൺ – 2 ( ജോർജിനിയോ റട്ടർ – 29/ യാസിൻ അയാരി -47)
ബേൺലി – 0



