ലണ്ടൻ– യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസി ബാഴ്സലോണയെ 3-0ന് തകർത്ത് തരിപ്പണമാക്കി. സ്റ്റാമ്ഫോർഡ് ബ്രിഡ്ജിൽ ബ്രസീലിയൻ ടീനേജ് താരം എസ്റ്റാവോ നിറഞ്ഞാടിയ രാത്രിയിൽ ബാഴ്സ പൂർണമായും നിലംപതിച്ചു.
27-ാം മിനിറ്റിൽ യൂൾസ് കൂണ്ടേയുടെ സെൽഫ് ഗോളിലൂടെ ചെൽസി ലീഡ് നേടി. 44-ാം മിനിറ്റിൽ ക്യാപ്റ്റൻ റൊണാൾഡ് അരൗജോ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തായതോടെ ബാഴ്സ പതറി. 55-ാം മിനിറ്റിൽ എസ്റ്റാവോയുടെ ഒറ്റയാൾ മാസ്റ്റർപീസ് ഗോളും 73-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലിയാം ഡിലാപിന്റെ ഫിനിഷും സ്കോർബോർഡ് 3-0 ആക്കി.
ലമീൻ യമാൽ ഉൾപ്പെടെയുള്ള ബാഴ്സയുടെ യുവനിര ചെൽസിയുടെ ആക്രമണത്തിന് മുന്നിൽ നിഴലായി മാറി. കോൾ പാൽമർ പരിക്കേറ്റ് പുറത്തിരുന്നെങ്കിലും ചെൽസി പൂർണ ആധിപത്യം പുലർത്തി. എൻസോ ഫെർണാണ്ടസിന്റെ രണ്ട് ഗോളുകൾ ഓഫ്‌സൈഡിൽ നഷ്ടമായില്ലായിരുന്നെങ്കിൽ സ്കോർലൈൻ കനത്തേനേ.
ജയത്തോടെ 5 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ചെൽസി അഞ്ചാം സ്ഥാനത്തെത്തി. 7 പോയിന്റ് മാത്രമുള്ള ബാഴ്സ 15-ാം സ്ഥാനത്തേക്ക് വീണു.
അതേ ദിവസം മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ബയർ ലെവർകൂസനും തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെട്ടത്. മറ്റു മത്സരങ്ങളിൽ ഇറ്റാലിയൻ കരുത്തരായ യുവൻ്റസ് 3-2ന് ബോഡോ ഗ്ലിംറ്റിനെയും ബൊറൂസിയ ഡോർട്ട്മുണ്ട് 4-0ത്തിന് വിയ്യാറയലിനെയും മാഴ്‌സിലെ 2-1ന് നൂകാസിൽ യുനൈറ്റഡിനെയു നാപ്പോളി 2-0ത്തിന് ഖറബാഗ് എഫ്.കെയെയും പരാജയപ്പെടുത്തി. അത്ലറ്റികോ ബിൽബാവോ-സ്ലാവിയാ പ്രാഗ് മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.



